യുവ ക്യാപ്റ്റനാണ് പന്ത്, അദ്ദേഹത്തിന്റെ ആദ്യ മത്സരവും, പന്തിന് പിന്തുണയുമായി ഭുവനേശ്വര്‍ കുമാര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം കൈപ്പിടിയിൽ നിന്ന് വഴുതി പോയപ്പോള്‍ ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവുകള്‍ കാരണമായി എന്നാണ് സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വിമര്‍ശനം.

എന്നാൽ താരത്തിന് പിന്തുണയുമായി സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പന്ത് യുവ ക്യാപ്റ്റനാണെന്നും ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ മത്സരം ആണെന്നതും പരിഗണിക്കേണ്ട കാര്യമാണെന്നും ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കി.

പരമ്പര പുരോഗമിക്കും തോറും താരത്തിന്റെ ക്യാപ്റ്റന്‍സി മെച്ചപ്പെടുത്തുവാന്‍ പന്ത് ശ്രമിക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും ഭുവി സൂചിപ്പിച്ചു. 212 റൺസെന്ന വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വെച്ചുവെങ്കിലും ഡേവിഡ് മില്ലര്‍ – റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ കൂട്ടുകെട്ടിന് മുന്നിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ പതറുകയായിരുന്നു.