CricketFeatured

കോഹ്‍ലി 51 പന്തിൽ 74 റൺസ്, ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

Viratkohli

ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ മഴ കാരണം ഏറെ നേരം വൈകിയാണ് മത്സരം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 40.2 ഓവറിൽ 185 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ വീണ്ടും വില്ലനായി മഴയെത്തുകയായിരുന്നു. പിന്നീട് മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം 32 ഓവറിൽ 143 റൺസായി പുനഃക്രമീകരിച്ചു. ഇന്ത്യ 22.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് നിരയിൽ 38 റൺസ് നേടിയ ടിം സീഫെര്‍ട് ആണ് ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്സ് 30 റൺസും ഡാരിൽ മിച്ചൽ 28 റൺസും നേടിയപ്പോള്‍ അവസാന വിക്കറ്റിൽ ബ്ലെയര്‍ ടിക്ന‍റും ജേക്കബ് ഡഫിയും ചേര്‍ന്ന് നേടിയ 39 റൺസാണ് ഈ ഇന്നിംഗ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്. ഇത് ന്യൂസിലാണ്ടിനെ 185 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചു.

ടിക്ന‍ർ 34 റൺസ് നേടി പുറത്തായപ്പോള്‍ ജേക്കബ് ഡഫി 15 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ് 4 വിക്കറ്റും ഗുര്‍ണൂ‍ർ ബ്രാ‍ർ 3 വിക്കറ്റും നേടിയപ്പോള്‍ 10 ഓവറിൽ 2 മെ‍യ്ഡൻ ഉള്‍പ്പെടെ 22 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റ് നേടിയ അന്‍ഷുൽ കാംബോജ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

Kohligill

ഇന്ത്യയുടെ ബാറ്റിംഗിൽ 51 പന്തിൽ 74 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ശുഭ്മന്‍ ഗിൽ 37 റൺസ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മയും അക്സര്‍ പട്ടേലും പൂജ്യത്തിന് പുറത്തായി. ന്യൂസിലാണ്ടിന് വേണ്ടി ജേക്കബ് ഡഫി 3 വിക്കറ്റ് നേടി. അന്‍ഷുൽ കാംബോജ് ആണ് കളിയിലെ താരം.