CricketFeatured

ഹർഷിത് റാണയ്ക്ക് പകരക്കാരനെ തേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്; മുൻ മുംബൈ, ബാംഗ്ലൂർ താരങ്ങൾ ട്രയൽസിൽ

Resizedimage 2026 03 20 14 41 30 1


ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പരിക്കേറ്റ പേസർ ഹർഷിത് റാണയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR). ഇതിന്റെ ഭാഗമായി പരിചയസമ്പന്നരായ ഒരുകൂട്ടം ഫാസ്റ്റ് ബൗളർമാരെ കെകെആർ ട്രയൽസിനായി വിളിച്ചിട്ടുണ്ട്. മുൻ മുംബൈ ഇന്ത്യൻസ് താരം ആകാശ് മധ്വാൾ, മുൻ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം നവ്ദീപ് സൈനി എന്നിവരാണ് കൊൽക്കത്തയുടെ ക്യാമ്പിൽ പുതുതായി എത്തിയവർ. നേരത്തെ മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങളായ കെ.എം. ആസിഫ്, സിമർജീത് സിംഗ് എന്നിവരെയും കെകെആർ നിരീക്ഷിച്ചിരുന്നു.


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പ് പരിശീലന മത്സരത്തിനിടെ വലതുകാലിലെ ലിഗമെന്റിന് പരിക്കേറ്റതാണ് ഹർഷിത് റാണയ്ക്ക് തിരിച്ചടിയായത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം 2026 ഐപിഎൽ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കാനാണ് സാധ്യത. താരത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ പേസ് ബൗളിംഗ് നിരയുടെ കരുത്ത് ചോരാതിരിക്കാനാണ് ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പരിചയസമ്പന്നരായ താരങ്ങളെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമിക്കുന്നത്.


ആകാശ് മധ്വാളിന്റെ ഡെത്ത് ഓവർ ബൗളിംഗും നവ്ദീപ് സൈനിയുടെ വേഗതയും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹർഷിത് റാണയുടെ അഭാവം നികത്താൻ ആരെ തിരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.