CricketFeaturedRanji Trophy

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി

Resizedimage 2026 11 06 01 38 57 3351[1]

അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ​ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ തോൽവി. ഒരിന്നിങ്സിനും 58 റൺസിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ഗുജറാത്ത് – ആദ്യ ഇന്നിങ്സിൽ 534-9 ഡിക്ലയേർഡ്കേരളം – ആദ്യ ഇന്നിങ്സ് 279ന് ഓൾ ഔട്ട്, രണ്ടാം ഇന്നിങ്സ് 197ന് ഓൾഔട്ട്ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിൽ അവസാന ദിനം കളി ആരംഭിച്ച കേരളത്തിന് ആദ്യ ഓവറിൽ തന്നെ അഭിഷേക് പി നായരുടെ വിക്കറ്റ് നഷ്ടമായി. 29 റൺസെടുത്ത അഭിഷേകിനെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ വരുൺ നായനാർക്കും പിടിച്ചുനിൽക്കാനായില്ല. എട്ട് റൺസെടുത്ത വരുൺ, സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും ഒത്തുചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 121 റൺസെന്ന നിലയിലായിരുന്നു കേരളം.

എന്നാൽ കളി പുനരാരംഭിച്ച ഉടൻ തന്നെ വിഷ്ണു വിനോദ് പുറത്തായി. 39 റൺസെടുത്ത വിഷ്ണു വിനോദിനെ വിശാൽ ജയ്‌സ്വാളാണ് പുറത്താക്കിയത്. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ നാല് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങിയതോടെ സച്ചിൻ ബേബിയിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. എന്നാൽ 52 റൺസെടുത്ത സച്ചിൻ, അമിത് ദേശായിയുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആയതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 43 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകൾ കൂടി വീണതോടെ കേരളം 197 റൺസിന് ഓൾ ഔട്ടായി. ആദിത്യ സർവാതെ 30ഉം ജലജ് സക്സേന 11ഉം റൺസെടുത്തു. ഗുജറാത്തിന് വേണ്ടി അർസാൻ നഗ്വാസ്വെല്ല നാലും സിദ്ധാർത്ഥ് ദേശായി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.