CricketFeatured

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പ്: പേൾസിനെ തോൽപിച്ച് എമറാൾഡ് ഫൈനലിൽ

Img 20260911 Wa0242

തിരുവനന്തപുരം: അവസാന ലീഗ് മത്സരത്തിൽ പേൾസിനെ 63 റൺസിന് തകർത്ത് എമറാൾഡ്, കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ സഫയറാണ് എമറാൾഡിന്റെ എതിരാളി. മറ്റൊരു മത്സരത്തിൽ ആംബർ സഫയറിനെ 30 റൺസിന് തോൽപിച്ചു. 20 പോയിന്റുള്ള സഫയർ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.

പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. 28 പന്തുകളിൽ 47 റൺസുമായി പുറത്താകാതെ നിന്ന ദൃശ്യ വാസുദേവന്റെ ഇന്നിങ്സാണ് എമറാൾഡിനെ മികച്ച സ്കോറിലെത്തിച്ചത്. ബി സൗപർണ്ണിക 22 റൺസെടുത്തു. പേൾസിനു വേണ്ടി രോഹിണി മാനെ, അഷിമ ആന്റണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പേൾസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. 32 റൺസെടുത്ത ശ്രേയ പി. സിജു മാത്രമാണ് പേൾസ് നിരയിൽ തിളങ്ങിയത്. എമറാൾഡിനു വേണ്ടി ശ്രേയ റോയ് നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ദൃശ്യ വാസുദേവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

മറ്റൊരു മത്സരത്തിൽ ക്യാപ്റ്റൻ ടി. ഷാനിയുടെ ഓൾറൗണ്ട് മികവാണ് സഫയറിനെതിരെ ആംബറിന് വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. ഷാനിയും പി. സൗരഭ്യയും ചേർന്നുള്ള 86 റൺസിന്റെ കൂട്ടുകെട്ടാണ് ആംബറിന്റെ ഇന്നിങ്സിന് കരുത്തുപകർന്നത്. ഷാനി പുറത്താകാതെ 59-ഉം സൗരഭ്യ 45-ഉം റൺസെടുത്തു. സഫയറിനു വേണ്ടി എം. ഐശ്വര്യ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സഫയർ 18.5 ഓവറിൽ 113 റൺസിന് ഓൾഔട്ടായി. 51 റൺസെടുത്ത അൻസു സുനിലും 22 റൺസെടുത്ത മാളവിക സാബുവും മാത്രമാണ് സഫയർ ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ ടി. ഷാനിയാണ് സഫയർ ബാറ്റിങ് നിരയെ തകർത്തത്. സായൂജ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ടി. ഷാനിയാണ് പ്ലെയർ ഓഫ് ദി മാച്ച്.