CricketFeatured

കേരളത്തിനെതിരെ ജമ്മു കശ്മീർ ആറ് വിക്കറ്റിന് 249 റൺസെന്ന നിലയിൽ

Kerala

ശ്രീനഗർ: ജമ്മു കശ്മീരിനെതിരായ പരിശീലന മത്സരത്തിന്റെ ആദ്യ ദിവസം ആതിഥേയരുടെ ആറ് വിക്കറ്റുകൾ വീഴ്ത്തി കേരളം. ത്രിദിന മത്സരത്തിന്റെ ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റിന് 249 റൺസെന്ന നിലയിലാണ് കശ്മീർ. കവൽപ്രീത് സിങ്ങും മുസൈഫ് അജാസുമാണ് കശ്മീ‍ർ ബാറ്റിങ് നിരയിൽ തിളങ്ങിയത്.

ടോസ് നേടിയ കേരളം കശ്മീരിനെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. 19 റൺസെടുത്ത വിവ്രാന്ത് ശർമ്മയുടെ വിക്കറ്റാണ് കശ്മീരിന് ആദ്യം നഷ്ടമായത്. വിവ്രാന്തിനെ ആദിത്യ സർവാതെയുടെ പന്തിൽ മുഹമ്മദ് അസറുദ്ദീൻ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. യാവർ ഹസൻ 25-ഉം ശുഭം പണ്ഡിർ രണ്ടും റൺസെടുത്ത് പുറത്തായി. അഭിജിത് പ്രവീണാണ് ഇരുവരെയും പുറത്താക്കിയത്. 31 റൺസെടുത്ത ക്യാപ്റ്റൻ പരസ് ഡോഗ്രയും പുറത്തായതോടെ നാല് വിക്കറ്റിന് 97 റൺസെന്ന നിലയിലായിരുന്നു കശ്മീർ.

അഞ്ചാം വിക്കറ്റിൽ കവൽപ്രീത് സിങ്ങും മുസൈഫ് അജാസും ചേർന്ന 90 റൺസിന്റെ കൂട്ടുകെട്ടാണ് കശ്മീരിനെ കരകയറ്റിയത്. 51 റൺസെടുത്ത മുസൈഫ് അഖിൻ സത്താറിന്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ സാഹിൽ ലോത്രയെ (16) പവൻ രാജും പുറത്താക്കി. കളി നിർത്തുമ്പോൾ 90 റൺസോടെ കവൽപ്രീത് സിങ്ങും ഒൻപത് റൺസോടെ റിധം ശർമ്മയുമാണ് ക്രീസിൽ.