മാതൃകാപരമായ ചുവടുവെപ്പുമായി കെസിഎ; കാണികൾക്കായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു
![Resizedimage 2026 09 06 16 39 46 4769[1]](https://fanport.in/wp-content/uploads/2026/09/ResizedImage_2026-09-06_16-39-46_47691.avif)
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തുന്ന കായികപ്രേമികൾക്ക് സൗജന്യമായി ശുദ്ധജലം ലഭ്യമാക്കുന്നതിനായി സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ കെസിഎ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു. കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശകരമായ ഫൈനൽ പോരാട്ട ദിനത്തിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
വാട്ടർ ഡിസ്പെൻസറുകളുടെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ് നിർവഹിച്ചു. കായിക പ്രേമികൾക്ക് മികച്ച സ്റ്റേഡിയം അനുഭവം സമ്മാനിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കെസിഎ കാണിക്കുന്ന കരുതലിനെ അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ കെസിഎ പ്രസിഡന്റ് അഡ്വ.ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ, സിഎഫ്ഒയും സിഇഒയുമായ മിനു ചിദംബരം തുടങ്ങിയവർ പങ്കെടുത്തു. കായിക താരങ്ങൾക്കൊപ്പം തന്നെ കാണികളുടെയും ക്ഷേമം ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വാട്ടർ ഡിസ്പെൻസറുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക വോളന്റിയർമാരെയും ജീവനക്കാരെയും കെസിഎ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഫൈനൽ കാണാൻ സ്റ്റേഡിയത്തിൽ എത്തിയ 28,000-ത്തോളം കാണികൾക്കും പദ്ധതിയുടെ ഗുണം ലഭിച്ചു. കൂടാതെ, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കും ഈ സൗകര്യം ഏറെ ഗുണകരമാകും. സെപ്റ്റംബർ 27-ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇൻഡീസ് മത്സരം കാണാനെത്തുന്ന ആയിരക്കണക്കിന് കായികപ്രേമികൾക്കും പുതിയ വാട്ടർ ഡിസ്പെൻസർ യൂണിറ്റുകൾ വഴി ശുദ്ധജലം സുലഭമായി ലഭിക്കുമെന്ന് കെ.സി.എ അറിയിച്ചു.