മെല്ലെ തുടങ്ങി അര്‍ദ്ധ ശതകം തികച്ച് വാര്‍ണര്‍, അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് സണ്‍റൈസേഴ്സ്

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 150 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. മൊഹാലിയില്‍ ഇന്ന് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്സിനു രണ്ടാം ഓവറില്‍ ഒരു റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോയെ നഷ്ടമായെങ്കിലും ഡേവിഡ് വാര്‍ണര്‍ തന്റെ പതിവു ശൈലിയില്‍ നിന്ന് വിഭിന്നമായി ബാറ്റ് വീശി ടീമിനെ 150 റണ്‍സിലേക്ക് നയിച്ചു. കഴിഞ്ഞ മത്സരത്തില്‍ നൂറ് റണ്‍സിനു താഴെ പുറത്തായ ടീമിനു ഇന്ന് തുടക്കത്തില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താനായിരുന്നില്ല.

അങ്കിത് രാജ്പുതും മുജീബ് റഹ്മാനും ഷമിയും അശ്വിനുമെല്ലാം വാര്‍ണറെയും മറ്റു സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാരെയും വരിഞ്ഞുകെട്ടുകയായിരുന്നു. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ വെറും 27 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് നേടിയത്. അത് ഈ സീസണിലെ പവര്‍പ്ലേയിലെ രണ്ടാമത്തെ കുറഞ്ഞ സ്കോറായിരുന്നു. പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ പത്തോവര്‍ വരെ എത്തിയപ്പോള്‍ 50 റണ്‍സ് മാത്രമാണ് ഹൈദ്രാബാദ് നേടിയത്.

രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിചേര്‍ത്ത വാര്‍ണര്‍-വിജയ് ശങ്കര്‍ കൂട്ടുകെട്ടിനെ തകര്‍ത്തത് പഞ്ചാബ് നായകന്‍ അശ്വിന്‍ ആയിരുന്നു. 26 റണ്‍സ് നേടിയ ശങ്കറിനെ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച അശ്വിന്‍ മത്സരത്തിലെ തന്റെ ഏക വിക്കറ്റ് നേടി. ഏതാനും ഓവറുകള്‍ക്ക് ശേഷം നബിയെയും(12) അശ്വിന്‍ തന്നെ റണ്ണൗട്ടാക്കുകയായിരുന്നു. 13.2 ഓവറില്‍ 8 റണ്‍സാണ് അപ്പോള്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍.

പിന്നീട് വാര്‍ണറും മനീഷ് പാണ്ഡേയും ചേര്‍ന്ന് നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് സണ്‍റൈസേഴ്സിനായി നേടിയത്. 16 ഓവര്‍ പിന്നിട്ടപ്പോള്‍ 104 റണ്‍സാണ് സണ്‍റൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. രണ്ടാമത്തെ സ്ട്രാറ്റെജിക് ടൈംഔട്ടിനു ശേഷം സണ്‍റൈസേഴ്സ് കുറച്ച് കൂടി വേഗത്തില്‍ സ്കോറിംഗ് നടത്തുകയായിരുന്നു.

നാലാം വിക്കറ്റില്‍ 55 റണ്‍സാണ് വാര്‍ണര്‍-മനീഷ് പാണ്ഡേ കൂട്ടുകെട്ട് നേടിയത്. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ മനീഷ് പാണ്ഡേ 19 റണ്‍സാണ് നേടിയത്. മുഹമ്മദ് ഷമിയ്ക്കായിരുന്നു വിക്കറ്റ്. ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് വീശിയ വാര്‍ണര്‍ക്ക് 62 പന്തില്‍ നിന്ന് 70 റണ്‍സാണ് പുറത്താകാതെ നേടാനായത്.

ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 3 പന്തില്‍ നിന്ന് 14 റണ്‍സുമായി ദീപക് ഹൂഡയും ഇന്നിംഗ്സിനു വേഗത നല്‍കി. അവസാന നാലോവറില്‍ നിന്ന് 46 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. ഇതില്‍ ഷമി എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് നേടുവാന്‍ സണ്‍റൈസേഴ്സിനായി.

Advertisement