അടിച്ച് തുടങ്ങി ശിഖര്‍ ധവാന്‍, ഫിനിഷിംഗ് ദൗത്യം ഏറ്റെടുത്ത് ഋഷഭ് പന്ത്, ചെന്നൈയെ മറികടന്ന് ഡല്‍ഹി ലീഗില്‍ ഒന്നാം സ്ഥാനത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സീനിയര്‍ താരം ശിഖര്‍ ധവാന്റെയും ഇന്ത്യന്‍ യുവ താരങ്ങളായ പൃഥ്വി ഷായുടെയും ഋഷഭ് പന്തിന്റെ മാസ്മരിക ഇന്നിംഗ്സിന്റെയും ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 6 വിക്കറ്റിന്റെ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ശിഖര്‍ ധവാന്‍ മിന്നും വേഗത്തില്‍ അര്‍ദ്ധ ശതകം നേടി പുറത്തായ ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുവെങ്കിലും മൂന്നാം വിക്കറ്റില്‍ പന്ത്-പൃഥ്വി കൂട്ടുകെട്ടാണ് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 192 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 4 പന്ത് അവശേഷിക്കെയാണ് വിജയം കരസ്ഥമാക്കിയത്. 36 പന്തില്‍ നിന്ന് 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 6 ഫോറും 4 സിക്സുമായിരുന്നു താരം നേടിയത്.

പൃഥ്വി ഷാ മെല്ലെയാണ് തുടങ്ങിയതെങ്കിലും ശിഖര്‍ ധവാന്‍ തിടുക്കത്തിലായിരുന്നു. 27 പന്തില്‍ നിന്ന് 54 റണ്‍സ് നേടി ധവാന്‍ പുറത്താകുമ്പോള്‍ 7.3 ഓവറില്‍ 72 റണ്‍സാണ് ഡല്‍ഹി നേടിയത്. ധവാന്റെ കൈയ്യില്‍ നിന്ന് കണക്കറ്റ് പ്രഹരം നേരിട്ട ശേഷം ശ്രേയസ്സ് ഗോപാലാണ് താരത്തെ പുറത്താക്കി രാജസ്ഥാന് ബ്രേക്ക് ത്രൂ നേടിക്കൊടുത്തത്. തൊട്ടടുത്ത ഓവറില്‍ ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കി റിയാന്‍ പരാഗ് തന്റെ കന്നി ഐപിഎല്‍ വിക്കറ്റ് നേടി.

പിന്നീട് ഇന്ത്യയുടെ ഭാവി താരങ്ങളായ ഋഷഭ് പന്തും പൃഥ്വി ഷായും ചേര്‍ന്ന് മത്സരത്തിലേക്ക് ഡല്‍ഹിയെ തിരികെ എത്തിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് നേടി റണ്‍റേറ്റ് വരുതിയില്‍ തന്നെ നിര്‍ത്തി മത്സരത്തിലേക്ക് ഡല്‍ഹിയെ ശക്തമായി തിരിച്ചുകൊണ്ടുവരികയായിരുന്നു. ലക്ഷ്യം 31 റണ്‍സ് അകലെയുള്ളപ്പോള്‍ പൃഥ്വി ഷായെ നഷ്ടപ്പെട്ടുവെങ്കിലും ഋഷഭ് പന്ത് ക്രീസില്‍ നിന്നത് ഡല്‍ഹിയ്ക്ക് തുണയായി. അവസാന മൂന്നോവറില്‍ ജയിക്കുവാന്‍ 30 റണ്‍സായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്. 39 പന്തില്‍ നിന്ന് 42 റണ്‍സാണ് പൃഥ്വി ഷായുടെ സംഭാവന.

ധവാല്‍ കുല്‍ക്കര്‍ണ്ണി എറിഞ്ഞ 18ാം ഓവറില്‍ പുറത്താകുന്നതിനു മുമ്പ് ഒരു സിക്സും ഒരു ഫോറും സഹിതം അഞ്ച് പന്തില്‍ നിന്ന് 11 റണ്‍സ് നേടുവാന്‍ ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡിനു സാധിച്ചു. ഇതോടെ അവസാന രണ്ടോവറിലെ ലക്ഷ്യം 17 റണ്‍സായി മാറി. രാജസ്ഥാന്‍ തങ്ങളുടെ മികച്ച ബൗളറായ ജോഫ്ര ആര്‍ച്ചറിലേക്ക് പന്ത് കൈമാറിയെങ്കിലും ഓവറില്‍ നിന്ന് 11 റണ്‍സ് കണ്ടെത്തുവാന്‍ ഋഷഭ് പന്തിനും കോളിന്‍ ഇന്‍ഗ്രാമിനും സാധിച്ചു. അവസാന ഓവറില്‍ ലക്ഷ്യം വെറും ആറ് റണ്‍സാക്കി മാറ്റിയ ഡല്‍ഹി

അവസാന ഓവറിലെ രണ്ടാം പന്തില്‍ തന്നെ ധവാല്‍ കുല്‍ക്കര്‍ണ്ണിയെ സിക്സര്‍ പറത്തി ഡല്‍ഹിയെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് പന്ത് എത്തിയ്ക്കുകയായിരുന്നു.