ജയമില്ലാത്തത് ആര്‍സിബിയ്ക്ക് മാത്രം, ഒരു പന്ത് അവശേഷിക്കെ ജയം സ്വന്തമാക്കി രാജസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആദ്യം ബാറ്റിംഗിനു അയയ്ച്ച ശേഷം 158 റണ്‍സില്‍ എറിഞ്ഞ് പിടിച്ച ശേഷം ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ ഐപിഎലില്‍ ഇതുവരെ ജയം നേടാനാകാത്ത ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാറി. ജോസ് ബട്‍ലറുടെ അര്‍ദ്ധ ശതകത്തോടൊപ്പം സ്റ്റീവ് സ്മിത്ത്(38), രാഹുല്‍ ത്രിപാഠി(34) എന്നിവരുടെ ഇന്നിംഗ്സുകളാണ് രാജസ്ഥാനു ജയം ഉറപ്പാക്കിയത്.

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 7.4 ഓവറില്‍ നിന്ന് ജോസ് ബട്‍ലര്‍-അജിങ്ക്യ രഹാനെ കൂട്ടുകെട്ട് 60 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. 22 റണ്‍സ് നേടിയ രഹാനെയെ ചഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ രാജസ്ഥാന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്‍‍ലറും സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടത്തി.

12.4 ഓവറില്‍ ജോസ് ബട്‍ലറെയും ചഹാല്‍ തന്നെ പുറത്താക്കിയപ്പോള്‍ 43 പന്തില്‍ നിന്ന് 59 റണ്‍സാണ് താരം നേടിയത്. വിക്കറ്റ് വീഴുമ്പോള്‍ 12.4 ഓവറില്‍ 104 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയിരുന്നത്. ബട്‍ലര്‍ പുറത്തായ ശേഷം റണ്‍സ് നേടുവാന്‍ പഴയ വേഗതയില്ലായിരുന്നുവെങ്കിലും ലക്ഷ്യം അത്ര വലുതല്ലാതിരുന്നത് രാജസ്ഥാനെ അലട്ടിയില്ല.

30 പന്തില്‍ ജയിക്കാന്‍ 38 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് ടൈം ഔട്ട് കഴിഞ്ഞുള്ള ആദ്യ ഓവറില്‍ സ്റ്റീവ് സ്മിത്ത് വലിയ അടിയ്ക്ക് മുതിര്‍ന്നുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവിന്റെ അടുത്തേക്ക് മാത്രമേ അടിക്കുവാന്‍ സാധിച്ചുള്ളു. എന്നാല്‍ ചഹാലിന്റെ ഓവറില്‍ ലഭിച്ച അവസരം ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് കൈവിട്ടതോടെ ബാംഗ്ലൂരിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. തന്റെ നാലോവറില്‍ 17 റണ്‍സിനു രണ്ട് വിക്കറ്റ് നേടിയാണ് യൂസുവേന്ദ്ര ചഹാല്‍ തന്റെ സ്പെല്‍ അവസാനിപ്പിച്ചത്.

അവസാന നാലോവറിലേക്ക് മത്സരം കടന്നപ്പോള്‍ 34 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. മുഹമ്മദ് സിറാജ് എറിഞ്ഞ 17ാം  ഓവറില്‍ 16 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തും രാഹുല്‍ ത്രിപാഠിയും ലക്ഷ്യം 18 പന്തില്‍ 18 ആക്കി മാറ്റി. നവദീപ് സൈനിയുടെ അടുത്ത ഓവറില്‍ നിന്ന് 9 റണ്‍സ് നേടി മത്സരം രാജസ്ഥാന്റെ പക്ഷത്തേക്ക് സ്മിത്തും ത്രിപാഠിയും ചേര്‍ന്ന് മാറ്റിയിരുന്നു.

അടുത്ത ഓവറില്‍ സ്മിത്ത് വീണ്ടുമൊരു അവസരം നല്‍കിയെങ്കിലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അതും കൈവിട്ടും. മുഹമ്മദ് സിറാജിന്റെ ഓവറില്‍ സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി എത്തിയ പവന്‍ നേഗിയാണ് ക്യാച്ച് കൈവിട്ടത്. അടുത്ത പന്തില്‍ രാഹുല്‍ ത്രിപാഠി നല്‍കിയ അവസരം മോയിന്‍ അലിയും കൈവിട്ടതോടെ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ മുഖം പൊത്തി നടക്കുന്ന കാഴ്ചയാണ് കണ്ടത്. അവസാന പന്തില്‍ സ്റ്റീവ് സ്മിത്ത് കൂറ്റനടിയ്ക്ക് ശ്രമിച്ചുവെങ്കിലും ബൗണ്ടറി ലൈനില്‍ ഉമേഷ് യാദവ് പിടിച്ച് പുറത്തായപ്പോള്‍ സിറാജിനു ആശ്വാസ വിക്കറ്റ് ലഭിച്ചു.

അവസാന ഓവറില്‍ ജയിക്കുവാന്‍ അഞ്ച് റണ്‍സ് നേടേണ്ടിയിരുന്ന രാജസ്ഥാന്‍ ഒരു പന്ത് അവശേഷിക്കെ വിജയം ഉറപ്പാക്കുകയായിരുന്നു. ഉമേഷ് യാദവിന്റെ ഓവറിലെ അഞ്ചാം പന്തില്‍ സിക്സര്‍ നേടിയാണ് രാഹുല്‍ ത്രിപാഠി ടീമിനു വേണ്ടി ഏഴ് വിക്കറ്റ് വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ നിന്ന് രാഹുല്‍ ത്രിപാഠി 23 പന്തില്‍ നിന്ന് 34 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സുമായിരുന്നു രാഹുല്‍ ത്രിപാഠി നേടിയത്. ചഹാല്‍ കഴിഞ്ഞാല്‍ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ നിരയില്‍ മികവ് പുലര്‍ത്തിയത്. എന്നാല്‍ താരത്തിന്റെ ഓവറില്‍ രണ്ട് ക്യാച്ചുകള്‍ കൈവിട്ടതോടെ താരത്തിനു ഒരു വിക്കറ്റ് കൊണ്ട് സംതൃപ്തിപ്പെടേണ്ടി വന്നു.