കാര്‍ത്തിക് ക്ഷമിയ്ക്കു, ഇന്ന് റിയാന്‍ പരാഗിന്റെ ദിനം, രാജസ്ഥാനെ അപ്രാപ്യ വിജയത്തിലേക്ക് നയിച്ച് പരാഗ്-ജോഫ്ര കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കം പതറിയെങ്കിലും 175 റണ്‍സിലേക്ക് തന്റെ ടീമിനെ നയിച്ച ദിനേശ് കാര്‍ത്തിക്കിനൊപ്പം ബൗളര്‍മാരും തുടക്കത്തില്‍ തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് തോല്‍വികള്‍ക്ക് ശേഷം തിരികെ വിജയത്തിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും റിയാന്‍ പരാഗിനും രാജസ്ഥാന്‍ വാലറ്റത്തിനും വേറെ പദ്ധതികളായിരുന്നു. 4 പന്ത് അവശേഷിക്കെ രാജസ്ഥാനെ വിജയത്തിലേക്കും കൊല്‍ക്കത്തയെ ആറാം തോല്‍വിയിലേക്കും റിയാന്‍ പരാഗും ജോഫ്ര ആര്‍ച്ചറും തള്ളിയിടുകയായിരുന്നു.

പിയൂഷ് ചൗളയും സുനില്‍ നരൈനും തങ്ങളുടെ സ്പെല്‍ കണിശതയോടെയും കൃത്യതയോടെയും പന്തെറിഞ്ഞ് തീര്‍ത്തുവെങ്കിലും പേസ് ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്‍സ് വഴങ്ങിയത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാകുകയായിരുന്നു. പിയൂഷ് ചൗള തന്റെ നാലോവറില്‍ 20 റണ്‍സിനു 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുനില്‍ നരൈന്‍ 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടി.

പവര്‍ പ്ലേയില്‍ മികച്ച തുടക്കം നേടുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും കൊല്‍ക്കത്തയുടെ സ്പിന്നര്‍മാര്‍ രംഗത്തെതിയതോടെ രാജസ്ഥാന്‍ തകരുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം 34 റണ്‍സ് നേടിയ രഹാനെയെ വിക്കറ്റിനു മുന്നില്‍ കുടുക്കി സുനില്‍ നരൈന്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നേടികൊടുത്തു. അടുത്ത ഓവറില്‍ മോശം ഷോട്ട് കളിച്ച് സഞ്ജുവിനെ(22) പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത് ഓവറില്‍ നരൈന്‍ സ്മിത്തിനെയും മടക്കിയപ്പോള്‍ 53/0 എന്ന നിലയില്‍ നിന്ന് 63/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

റിയാന്‍ പരാഗ് സ്റ്റുവര്‍ട്ട് ബിന്നി(11), ശ്രേയസ്സ് ഗോപാല്‍(18) എന്നിവരോടൊപ്പം ബാറ്റ് വീശി അവസാനം വരെ പൊരുതി രാജസ്ഥാന്റെ സാധ്യതകളെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മറ്റു താരങ്ങളില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരാതിരുന്നത് രാജസ്ഥാന്റെ ലക്ഷ്യം ശ്രമകരമാക്കുകയായിരുന്നു.

അവസാന അഞ്ചോവറില്‍ ലക്ഷ്യം 54 റണ്‍സായിരുന്നുവെങ്കിലും വലിയ ഷോട്ടിനു ശ്രമിച്ച് ശ്രേയസ്സ് ഗോപാല്‍ പുറത്തായി. 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ ഗോപാലിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. 4 ബൗണ്ടറി നേടിയ ശേഷമായിരുന്നു ഗോപാലിന്റെ പുറത്താകല്‍. സുനില്‍ നരൈനെയും പ്രസിദ്ധ് കൃഷ്ണയെയും സധൈര്യം നേരിട്ട് പരാഗും ജോഫ്ര ആര്‍ച്ചറും കൂടി ലക്ഷ്യം അവസാന രണ്ടോവറില്‍ 18 റണ്‍സാക്കി മാറ്റിയതോടെ മത്സരം ഇരുപക്ഷത്തേയ്ക്കും മാറി മറിയുമെന്ന സ്ഥിതിയായി. നരൈന്റെയും പ്രസിദ്ധിന്റെയും ഓവറുകളില്‍ 13 വീതം റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

19ാം ഓവറിന്റെ അഞ്ചാം പന്തില്‍ ആന്‍ഡ്രേ റസ്സലിനെ ബൗണ്ടറി പായിക്കുവാനുള്ള ശ്രമത്തിനിടെ റിയാന്‍ പരാഗ് ഹിറ്റ് വിക്കറ്റായി പുറത്തായപ്പോള്‍ 9 റണ്‍സ് മാത്രമായിരുന്നു വിജയത്തിനായി രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 31 പന്തില്‍ നിന്ന് 47 റണ്‍സായിരുന്നു പരാഗ് നേടിയത്. 5 ഫോറും 2 സിക്സും അടങ്ങിയ ഇന്നിംഗ്സാണ് ഈ യുവതാരം നേടിയത്.

പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ രാജസ്ഥാന്‍ നേടേണ്ടിയിരുന്നത് 9 റണ്‍സായിരുന്നു. ആദ്യ പന്തില്‍ ബൗണ്ടറി നേടിയ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം പന്ത് സിക്സര്‍ പറത്തി രാജസ്ഥാന്റെ തങ്ങളുടെ നാലാം ജയത്തിലേക്ക് നയിച്ചു. 12 പന്തില്‍ നിന്ന് 27 റണ്‍സാണ് ജോഫ്ര ആര്‍ച്ചര്‍ നേടിയത്. 2 ഫോറും 2 സിക്സും അടക്കം 225 റണ്‍സ് സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം.