വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ തകര്‍ത്ത ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായ ശേഷം മധ്യ നിര തകരുന്ന പതിവു പല്ലവിയുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനു നേടാനായത് 160/8 റണ്‍സ്. ഓപ്പണറായി ടീമിലേക്ക് തിരികെ എത്തിയ കെയിന്‍ വില്യംസണ് തുടക്കത്തില്‍ തന്നെ 13 റണ്‍സിനു നഷ്ടമായ ശേഷം ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും കൂടി രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ 12.1 ഓവറില്‍ 103 റണ്‍സ് വരെ എത്തിച്ചുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരികെ വന്നത്.

37 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ സ്റ്റീവന്‍ സ്മിത്ത് തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ ഒഷെയ്‍ന്‍ തോമസ് തന്റെ ആദ്യ വിക്കറ്റ് നേടി. ഏറെ വൈകാതെ മനീഷ് പാണ്ടേയെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കുകയായിരുന്നു. മികച്ചൊരു സ്റ്റംപിംഗ് സഞ്ജു പുറത്തെടുത്തുവെങ്കിലും അതിനു മുമ്പ് തന്നെ മനീഷ് പന്ത് എഡ്ജ് ചെയ്തിരുന്നു. 36 പന്തില്‍ നിന്ന് 9 ബൗണ്ടറി സഹിതം 61 റണ്‍സാണ് മനീഷ് പാണ്ടേ നേടിയത്.

103/1 എന്ന നിലയില്‍ നിന്ന് സണ്‍റൈസേഴ്സ് പൊടുന്നനെ 127/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഫീല്‍ഡര്‍മാര്‍ കൈവിട്ട അവസരങ്ങള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ഇതിലും ചെറിയ സ്കോറിനു സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടുവാന്‍ രാജസ്ഥാന് ആകുമായിരുന്നു. അവസാന ഓവറില്‍ റഷീദ് ഖാന്‍ നേടിയ ഒരു ബൗണ്ടറിയും സിക്സും സഹിതമാണ് സണ്‍റൈസേഴ്സ് 160 റണ്‍സിലേക്ക് എത്തിയത്.

രാജസ്ഥാന് വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്‍ന്‍ തോമസ്, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട് എന്നിവര്‍ രണ്ട് വീതം നേടി.