കൊല്‍ക്കത്തയിലെ പേസ് ബൗളര്‍മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ – ബ്രണ്ടന്‍ മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെ യുവ ഇന്ത്യന്‍ പേസര്‍മാര്‍ ആരാധകര്‍ക്ക് വലിയ സര്‍പ്രൈസുകളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് വാരിയര്‍, കമലേഷ് നാഗര്‍കോടി എന്നിവരടങ്ങുന്ന താരങ്ങള്‍ സൂപ്പര്‍ സ്റ്റാറുകളാവുമെന്നാണ് ബ്രണ്ടന്‍ മക്കല്ലം പറയുന്നത്.

അവര്‍ക്ക് വേണ്ടത്ര മത്സര പരിചയം ഇല്ലെങ്കിലും അത് ഒരു പ്രശ്നമായി മാറില്ലെന്നാണ് താന്‍ കരുതുന്നതെന്ന് മക്കല്ലം പറഞ്ഞു. ഇവരെല്ലാം ഒരു യൂണിറ്റ് ആയി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരിശീലനം നടത്തുന്നതെന്നും മക്കല്ലം പറഞ്ഞു. ഇവരെല്ലാം പ്രതിഭയുള്ള താരങ്ങളാണെന്നുള്ളതില്‍ ഒരുസംശയമില്ലെന്നും ഭാവിയിലെ ചില സൂപ്പര്‍ താരങ്ങളാണ് ഇവരില്‍ നിന്നുണ്ടാകാന്‍ പോകുന്നതെന്നും മക്കല്ലം പറഞ്ഞു.

അന്താരാഷ്ട്ര താരം പാറ്റ് കമ്മിന്‍സ് പേസ് ബൗളിംഗ് സംഘത്തിനൊപ്പം ചേരുന്നതിന്റെ ഗുണം ഇവര്‍ക്കുണ്ടാകുമെന്നാണ് മക്കല്ലം പറയുന്നത്. കമ്മിന്‍സിന് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ വിക്കറ്റ് നേടുവാനുള്ള ശേഷിയുണ്ടെന്നും അതിനാല്‍ തന്നെ മറ്റു താരങ്ങള്‍ക്കും കമ്മിന്‍സില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടാകുമെന്നും മക്കല്ലം സൂചിപ്പിച്ചു.