സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ “കൂള്‍” വില്യംസണ്‍, ഒപ്പം പിന്തുണയുമായി ജേസണ്‍ ഹോള്‍ഡറും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തുടക്കം വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഒത്തുകൂടി മികച്ചതും നിര്‍ണ്ണായകവുമായ കൂട്ടുകെട്ടിലൂടെ സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ച് ഡല്‍ഹിയ്ക്കെതിരെയുള്ള രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. തോല്‍വിയോട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുറത്തായി. 65 റണ്‍സ് കൂട്ടുകെട്ടാണ് ഈ രണ്ട് അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ ചേര്‍ന്ന് നേടിയത്. വില്യംസണ്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ 24 റണ്‍സ് നേടി സണ്‍റൈസേഴ്സ് വിജയത്തിന് വില്യംസണ് പിന്തുണ നല്‍കി. 2 പന്ത് അവശേഷിക്കെയാണ് സണ്‍റൈസേഴ്സിന്റെ ആറ് വിക്കറ്റ് വിജയം.

ചെറിയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സിനെതിരെ വിക്കറ്റുകളുമായി ആര്‍സിബി ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ മത്സരം ആവേശകരമായി മാറി. മുഹമ്മദ് സിറാജ് ഓപ്പണര്‍മാരായ ശ്രീവത്സ് ഗോസ്വാമിയെയും(0), ഡേവിഡ് വാര്‍ണറെയും പുറത്താക്കിയപ്പോള്‍ ആഡം സംപ മനീഷ് പാണ്ടേയെയും ചഹാല്‍ പ്രിയം ഗാര്‍ഗിനെയും(7) പുറത്താക്കിയപ്പോള്‍ 67/4 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണു.

ഡേവിഡ് വാര്‍ണര്‍ 17 റണ്‍സ് നേടിയപ്പോള്‍ ഏറെ വിവാദമായ ഒരു തേര്‍ഡ് അമ്പയര്‍ തീരുമാനത്തിലൂടെയാണ് പുറത്തായത്. അതേ സമയം മികച്ച ഫോമിലുള്ള മനീഷ് പാണ്ടേയുടെ വിക്കറ്റ് ഏറെ നിര്‍ണ്ണായക ഘട്ടത്തിലാണ് ബാംഗ്ലൂര്‍ നേടിയത്. പിന്നീട് കെയിന്‍ വില്യംസണും ജേസണ്‍ ഹോള്‍ഡറും ചേര്‍ന്ന് സണ്‍റൈസേഴ്സ് സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

മത്സരം അവസാന നാലോവറില്‍ കടന്നപ്പോള്‍ 35 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടിയത്. സൈനിയുടെ ഓവറില്‍ നിന്ന് പത്ത് റണ്‍സ് പിറന്നപ്പോള്‍ 2 ഓവറില്‍ വിജയ ലക്ഷ്യം 18 റണ്‍സായി മാറി. ഇതില്‍ തന്നെ കെയിന്‍ വില്യംസണിന്റെ ഒരു സിക്സര്‍ സേവ് ചെയ്യുവാന്‍ ദേവ്ദത്ത് പടിക്കലിന് സാധിച്ചുവെങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കുവാന്‍ താരത്തിന് കഴിയാതെ പോയത് തിരിച്ചടിയായി.

അവസാന ഓവറില്‍ 9 റണ്‍സെന്നിരിക്കെ ആദ്യ പന്തില്‍ സിംഗില്‍ നേടി 44 പന്തില്‍ നിന്ന് വില്യംസണ്‍ തന്റെ അര്‍ദ്ധ ശതകം നേടി. അടുത്ത പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ ബീറ്റണായെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ ബൗണ്ടറി നേടി സണ്‍റൈസേഴ്സ് ഓള്‍റൗണ്ടര്‍ ടീമിന്റെ വിജയം ഉറപ്പാക്കി.

ആഡം സംപ തന്റെ നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ട് നല്‍കി ഒരു വിക്കറ്റ് നേടിയപ്പോള്‍ ചഹാല്‍ 24 റണ്‍സ് വിട്ട് നല്‍കിയാണ് ഒരു വിക്കറ്റ് നേടിയത്. ചഹാലിന്റെ സ്പെല്ലില്‍ നിന്ന് രണ്ട് സിക്സുകള്‍ വില്യംസണ്‍ നേടിയിരുന്നു. സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു. അവസാനം വരെ ബൗളര്‍മാര്‍ പൊരുതിയെങ്കിലും എബിഡി ഒഴികെ മറ്റാര്‍ക്കും മികവ് പുലര്‍ത്താനാകാതെ പോയപ്പോള്‍ സണ്‍റൈസേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കുവാനാകുന്ന സ്കോര്‍ നേടുന്നതില്‍ നിന്ന് ടീമിനെ തടയുകയായിരുന്നു.