ഓള്‍ ഹെയില്‍ ക്രിസ് ഗെയില്‍, ഗെയിലടിയില്‍ തളര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ അവസരം മുതലാക്കി തന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിസ് ഗെയില്‍ പുറത്തെടുത്തപ്പോള്‍ ഏറെ നിര്‍ണ്ണായ മത്സരത്തില്‍ 185 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയില്‍ 63 പന്തില്‍ നിന്ന് നേടിയ 99 റണ്‍സിന്റെ ബലത്തിലാണ് പഞ്ചാബിന്റെ ഈ സ്കോര്‍. ശതകത്തിന് തൊട്ടരികില്‍ ജോഫ്ര ഗെയിലിനെ പുറത്താക്കുകയായിരുന്നു.

Chrisgayle1

ആദ്യ ഓവറില്‍ തന്നെ മന്‍ദീപ് സിംഗിനെ നഷ്ടപ്പെട്ട പഞ്ചാബിനെ പിന്നെ ഗെയിലും ലോകേഷ് രാഹുലും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയിലിന്റെ വ്യക്തിഗത സ്കോര്‍ 12ല്‍ നില്‍ക്കെ താരത്തിന്റെ ക്യാച്ച് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത് ടീമിന് തിരിച്ചടിയായി.

കെഎല്‍ രാഹുല്‍ മെല്ലെ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ മറുവശത്ത് ഗെയിലാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തിരഞ്ഞ് പിടിച്ചടിച്ചത്. 33 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 46 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ പുറത്തായതോടെ രണ്ടാം വിക്കറ്റിലെ 120 റണ്‍സ് കൂട്ടുകെട്ടിന് തിരശ്ശീല വീഴുകയായിരുന്ന. സ്റ്റോക്സിനായിരുന്നു വിക്കറ്റ്.

121/2 എന്ന നിലയില്‍ നിന്ന് ഗെയിലും നിക്കോളസ് പൂരനുമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മുന്നോട്ട് നയിച്ചത്. ക്രിസ് ഗെയില്‍ 8 സിക്സും 6 ഫോറുമാണ് നേടിയത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റ് നേടി.