മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷ തരത്തിലുള്ള സ്കോര്‍ കണ്ടെത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്

മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതീക്ഷിച്ച പോലൊരു സ്കോറിലേക്ക് എത്താനാകാതെ ഡല്‍ഹി ക്യാപിറ്റല്‍സ്. ഖലീല്‍ അഹമ്മദ് എറിഞ്ഞ അവസാന ഓവറില്‍ ഒരു സിക്സും ഒരു ഫോറും അടക്കം 14 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്ത് പുറത്താകാതെ നേടിയ 34 റണ്‍സിന്റെയും ഓപ്പണിംഗില്‍ പൃഥ്വി ഷായുടെയും ശിഖര്‍ ധവാന്റെയും ബാറ്റിംഗ് മികവും മധ്യ ഓവറുകളില്‍ പന്തിന്റെ പ്രകടനവുമാണ് ടീമിനെ 159/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

പൃഥ്വ ഷായും ശിഖര്‍ ധവാനും 10.2 ഓവറില്‍ 81 റണ്‍സാണ് നേടിയത്. റഷീദ് ഖാന്‍ ആണ് ശിഖര്‍ ധവാനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 28 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ആണ് ഡല്‍ഹിയ്ക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പൃഥ്വി ഷായുടെ വിക്കറ്റ് കൂടി റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായതോടെ ഡല്‍ഹി പ്രതിരോധത്തിലായി. 39 പന്തില്‍ 53 റണ്‍സ് നേടിയ പൃഥ്വി ഷാ പുറത്താകുമ്പോള്‍ ഡല്‍ഹി 84/2 എന്ന നിലയിലായിരുന്നു.

Rashidkhan

അവിടെ നിന്ന് ക്യാപ്റ്റന്‍ ഋഷഭ് പന്തും സ്റ്റീവന്‍ സ്മിത്തും മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് നേടിയാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. 37 റണ്‍സ് നേടിയ പന്തിന്റെ വിക്കറ്റ് സിദ്ധാര്‍ത്ഥ് കൗള്‍ ആണ് നേടിയത്. അതേ ഓവറില്‍ ഹെറ്റ്മ്യറിന്റെ വിക്കറ്റും കൗള്‍ നേടി.