ബെക്കന്‍ഹാമില്‍ ഇന്ത്യന്‍ തിരിച്ചുവരവ്, വെടിക്കെട്ട് ശതകുമായി പൃഥ്വി ഷാ

- Advertisement -

ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ എ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്പാണ് ഇന്ന് വിന്‍ഡീസ് എ യ്ക്കെതിരെ കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 159 റണ്‍സ് എന്ന നിലയിലാണ്. 101 റണ്‍സുമായി പൃഥ്വി ഷായും 56 റണ്‍സ് നേടി മയാംഗ് അഗര്‍വാലുമാണ് ക്രീസില്‍.

74 പന്തില്‍ നിന്ന് 18 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പൃഥ്വിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു ഒപ്പമെത്തുവാന്‍ ഇന്ത്യ 91 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

നേരത്തെ 148/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് എ 235 റണ്‍സ് കൂടി ഒന്നാം ഇന്നിംഗ്സില്‍ നേടിയാണ് ഓള്‍ഔട്ട് ആയത്. 101.2 ഓവര്‍ നീണ്ട ഇന്നിംഗ്സിനൊടുവില്‍ ടീമിനു 383 റണ്‍സാണ് നേടാനായത്. സുനില്‍ അംബ്രിസ് 128 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഷമാര്‍ ബ്രൂക്ക്സ് 91 റണ്‍സ് നേടി പവലിയനിലേക്ക് മടങ്ങി. നാലാം വിക്കറ്റില്‍ 187 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

റെയ്മണ്‍ റീഫര്‍ 52 റണ്‍സ് നേടി ഇന്നിംഗ്സിന്റെ അവസാനം വാലറ്റത്തോടൊപ്പം ചെറുത്ത് നില്പ് നടത്തി. ഇന്നിംഗ്സിലെ അവസാന വിക്കറ്റായാണ് റീഫര്‍ പുറത്തായത്. ഇന്ത്യയ്ക്കായി അങ്കിത് രാജ്പുത് നാല് വിക്കറ്റുമായി ബൗളര്‍മാരെ മുന്നില്‍ നിന്ന് നയിച്ചു. നവദീപ് സൈനി, ഷഹ്ബാസ് നദീം എന്നിവര്‍ രണ്ടും വിജയ് ശങ്കര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement