ഇന്ത്യയ്ക്ക് ജയമൊരുക്കി ഡല്‍ഹിയുടെ ഇടംകൈയ്യന്മാര്‍, ഇന്ത്യ കടന്ന് കൂടിയത് അവസാന പന്തില്‍

ശിഖര്‍ ധവാനും ഋഷഭ് പന്തും നേടിയ തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ മൂന്നാം ടി20യിലും വിജയം ഉറപ്പാക്കി ഇന്ത്യന്‍. വിന്‍ഡീസ് നേടിയ 181 റണ്‍സ് എന്ന മികച്ച സ്കോറിനെ അവസാന പന്തിലാണ് ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. രോഹിത് ശര്‍മ്മയും(4) ലോകേഷ് രാഹുലും(17) നേരത്തെ പുറത്തായെങ്കിലും ധവാനും പന്തും ചേര്‍ന്ന് ഇന്ത്യയെ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതെ മുന്നോട്ട് നയിച്ചു.

130 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. ധവാന്‍ 62 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയപ്പോള്‍ ഋഷഭ് പന്ത് 38 പന്തില്‍ നിന്ന് 58 റണ്‍സ് നേടി പുറത്തായി.

കീമോ പോള്‍ 19ാം ഓവര്‍ എറിയാന്‍ വരുമ്പോള്‍ 12 പന്തില്‍ നിന്ന് 8 റണ്‍സായിരുന്നു ജയത്തിനായി ഇന്ത്യ നേടേണ്ടിയിരുന്നത്. ഓവറില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം നല്‍കി ഋഷഭ് പന്തിനെ പുറത്താക്കി താരം മത്സരം അവസാന ഓവര്‍ വരെ നീട്ടി. അവസാന ഓവറില്‍ അഞ്ചാം പന്തില്‍ സ്കോറുകള്‍ ഒപ്പമെത്തി നില്‍ക്കുമ്പോള്‍ ശിഖര്‍ ധവാനും(92) പുറത്തായത് ഇന്ത്യയുടെ ജയം സാധ്യതകളെ ബാധിച്ചുവെങ്കിലും മനീഷ് പാണ്ടേ സിംഗിള്‍ നേടി ഇന്ത്യയുടെ ജയം ഉറപ്പാക്കി.

വിന്‍ഡീസിനായി കീമോ പോള്‍ രണ്ടും ഫാബിയന്‍ അലന്‍ ഒഷെയ്‍ന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.