ചെൽസിക്ക് നിരാശ, അപരാജിതരെ സമനിലയിൽ തളച്ച് എവർട്ടൺ

പ്രീമിയർ ലീഗിൽ പരാജയമറിയാതെ കുതിക്കുന്ന ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ സമനില. എവർട്ടൺ ആണ് ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ പതിവ് പോലെ മത്സരത്തിൽ ആധിപത്യം പുലർത്താനാവാതെ പോയ രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മികച്ച പ്രതിരോധം സൃഷ്ടിച്ച് എവർട്ടൺ സമനില പിടിക്കുകയായിരുന്നു.

ഗോൾ പോസ്റ്റിൽ എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡിന്റെ മികച്ച രക്ഷപെടുത്തലുകളും അവർക്ക് തുണയായി. അലോൺസോയുടെയും മൊറാട്ടയുടെയും ശ്രമങ്ങൾ പിക്‌ഫോർഡ് രക്ഷപ്പെടുത്തുകയും അലോൺസോയുടെ മറ്റൊരു ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്തതും ചെൽസിക്ക് വിനയായി. സമനിലയോടെ ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.