ഗനി നിഗം, ഇത് കേരള ഫുട്ബോളിന്റെ പുതിയ കനി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിൽ ഈ സീസണിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനെതിരെ ഗോകുലം ഇറങ്ങുമ്പോൾ ഒരു ഇരുപതുകാരനും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ഗനി നിഗം അഹമ്മദ്. അന്ന് ആ യുവതാരത്തിന്റെ ദേശീയ ലീഗിലെ അരങ്ങേറ്റമായിരുന്നു. അത്ര നല്ല ഓർമ്മയായിരിക്കില്ല ഗനിക്ക് ആ മത്സരം. കേരള ഫുട്ബോളിലെ അടുത്ത വലിയ താരം എന്ന് ലൈനപ്പ് കണ്ട് ഗനിയെ നോക്കി പറഞ്ഞവർക്കും അന്ന് ഗനിയുടെ മികവ് കാണാൻ കഴിഞ്ഞില്ല. 50 മിനുട്ടുകൾക്കുള്ളിൽ ഗനി കളം വിടുകയും ചെയ്തു.

ഗനിയെന്ന് ഫുട്ബോൾ ടാലന്റിനെ കുട്ടികാലം തൊട്ട് അറിയാവുന്നവർക്ക് വരെ വലിയ സ്റ്റേജിൽ ഗനിക്ക് തിളങ്ങാൻ ആവില്ലെ എന്നൊരു സംശയം ഒക്കെ വന്നു. പക്ഷെ ബിനോ ജോർജ്ജിന് ഗനിയിലുള്ള വിശ്വാസം ഒട്ടും കുറഞ്ഞില്ലായിരുന്നു. അതാണ് ഇന്ന് ഷില്ലോങിനെതിരെ കണ്ടതും. ഇന്ന് കളിയുടെ തുടക്കം മുതൽ ഗോകുകത്തിന്റെ ഒരോ അറ്റാക്കിനും ഒപ്പം ഗനിയും ഉണ്ടായിരുന്നു. അർജുൻ ജയരാജ് ടീമിൽ ഇല്ലായിരുന്നു എന്ന ഒരു കുറവും ഇന്ന് ഗോകുലം അറിഞ്ഞില്ല.

ഗനിയുടെ മികവിന് അർഹിച്ച ഒരു ഗോൾ ആദ്യ പകുതിയിൽ ലഭിക്കുകയും ചെയ്തു. ഗോൾ മാത്രമല്ല ഗോകുലം ഇന്ന് നേടിയ മൂന്നാം ഗോളിന്റെ അസിസ്റ്റും ഗനിയുടെ വക ആയിരുന്നു. അത്ര മികച്ചൊരു ക്രോസായിരുന്നു ഗനി രാജേഷിന്റെ ആ ഗോളിനായി ഇടതു വിങ്ങിൽ നിന്ന് കൊടുത്തത്. ഗനിയുടെ സീനിയർ കരിയറിന്റെ യഥാർത്ഥ തുടക്കം ഈ മത്സരത്തോടെ ആണെന്ന് പറയാം. പൂനെയുടെ അക്കാദമിയിൽ മികവ് തെളിയിക്കുന്ന ഒരു ഗനി നിഗം എന്ന് മാത്രം അറിഞ്ഞിരുന്ന കേരള ഫുട്ബോൾ ആരാധകർ ഇന്ന് ആ ഗനിയുടെ മികവ് എന്താണെന്ന് ശരിക്ക് അറിഞ്ഞു.

2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്ന ഈ നാദാപുരം സ്വദേശി ഈ സീസൺ തുടക്കത്തിലാണ് ഗോകുലവുമായി കരാറിൽ എത്തിയത്. പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു.

ഇന്നത്തെ ഗനിയുടെ ഹീറോ ഓഫ് ദി മാച്ച് പ്രകടനം ഒരു തുടക്കം മാത്രമായെ കേരള ഫുട്ബോൾ ആരാധകർ കാണുന്നുള്ളൂ. ഗോകുലം ഈ സീസണിൽ ദേശീയ ഫുട്ബോളിന് നൽകുന്ന ഏറ്റവും മികച്ച സംഭാവനയായി ഗനി മാറും എന്ന് ഫുട്ബോൾ ലോകം വിശ്വസിക്കുന്നു.