ലോകകപ്പിനു മുമ്പ് കളി മറന്നോ ഇന്ത്യ? ടി20 പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും കൈവിട്ടു

ആദ്യ രണ്ട് ഏകദിനങ്ങള്‍ ജയിച്ച് അതി ശക്തമായ നിലയില്‍ പരമ്പരയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിയ ഇന്ത്യയാണ് പിന്നീട് മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയപ്പെട്ട് പരമ്പര തന്നെ കൈവിട്ടത്. 35 റണ്‍സിന്റെ തോല്‍വിയാണ് ഇന്ന് ഡല്‍ഹിയില്‍ ഇന്ത്യ അഞ്ചാം ഏകദിനത്തില്‍ ഏറ്റുവാങ്ങിയത് വിജയിക്കുവാന്‍ 273 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക്  237 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഓസ്ട്രേലിയയെ 272/9 എന്ന സ്കോറിനു തടഞ്ഞ് നിര്‍ത്തിയ ശേഷം ലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ തുടക്കം മുതലെ പ്രതിരോധത്തിലാകുകയായിരുന്നു. രോഹിത് ശര്‍മ്മ ടോപ് ഓര്‍ഡറില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും മറ്റു താരങ്ങളാരും ഫോം കണ്ടെത്താതെ ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ 132/6 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

ഏഴാം വിക്കറ്റില്‍ കേധാര്‍ ജാഥവും ഭുവനേശ്വര്‍ കുമാറും നടത്തിയ ചെറുത്ത്നില്പാണ് ഇന്ത്യയുടെ തോല്‍വിയുടെ ആഘാതം കുറച്ചത്. 50 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 237 റണ്‍സിനു ഓള്‍ഔട്ട് ആയി. കേധാര്‍ ജാഥവ് 44 റണ്‍സും ഭുവനേശ്വര്‍ കുമാര്‍ 46 റണ്‍സും നേടി 56 റണ്‍സ് നേടിയ രോഹിത്തിനൊപ്പം ബാറ്റ്സ്മാന്മാരില്‍ മികവ് പുലര്‍ത്തി. ഏഴാം വിക്കറ്റില്‍ 91 റണ്‍സാണ് കേധാര്‍-ഭുവനേശ്വര്‍ കൂട്ടുകെട്ട് നേടിയത്.

ഓസ്ട്രേലിയന്‍ നിരയില്‍ ആഡം സംപ മൂന്നും പാറ്റ് കമ്മിന്‍സ്, ജൈ റിച്ചാര്‍ഡ്സണ്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയാണ് ഇന്ത്യയെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.

ലോകകപ്പ് ആസന്നമായ സമയത്ത് കളി മറക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയില്‍ പുറത്തെടുത്തത്. ടോപ് ഓര്‍ഡറില്‍ ശിഖര്‍ ധവാനോ രോഹിത് ശര്‍മ്മയോ സ്ഥിരമായി ഫോമിലെത്താത്തതും വിരാട് കോഹ്‍ലിയ്ക്ക് പഴയ പ്രഭാവത്തിലേക്ക് ഉയരാനാകാത്തതും മധ്യനിരയുടെ പരാജയവുമാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ശേഷം പിന്നീട് ഇന്ത്യ പിന്നോട്ട് പോകുന്നതിനു ഇടയാക്കിയതെന്ന് വേണം മനസ്സിലാക്കുവാന്‍. അവസാന രണ്ട് മത്സരങ്ങളിലും ധോണിയില്ലാതിരുന്നതും ടീമിന്റെ ആത്മവിശ്വാസത്തെ തെല്ലല്ല ബാധിച്ചതെന്ന് വേണം വിലയിരുത്തുവാന്‍.