നിര്‍ണ്ണായക പ്രഹരങ്ങളുമായി ഭുവിയും താക്കൂറും, ഇന്ത്യയ്ക്ക് അഞ്ചാം ടി20യില്‍ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നേടിയ 224 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 130 റണ്‍സ് കൂട്ടുകെട്ടുമായി ബട്‍ലര്‍ – മലന്‍ കൂട്ടുകെട്ടാണ് ആദ്യ ഓവറില്‍ തന്നെ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയത്.

34 പന്തില്‍ 52 റണ്‍സ് നേടിയ ജോസ് ബട്‍ലറെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ നല്‍കിയത്. അധികം വൈകാതെ ജോണി ബൈര്‍സ്റ്റോയെയും ദാവിദ് മലനെയും ഒരേ ഓവറില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. ഹാര്‍ദ്ദിക് പാണ്ഡ്യ ഓയിന്‍ മോര്‍ഗനെയും വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് 130/1 എന്ന നിലയില്‍ നിന്ന് 142/5 എന്ന നിലയിലേക്ക് വീണു.

20 ഓവര്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് മാത്രമേ നേടിയുള്ളു. ഇന്ത്യയ്ക്കായി താക്കൂര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റ് നേടി.