ഗോളടി തുടർന്ന് ബെൻസീമ, റയൽ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിനോട് അടുക്കുന്നു

ലാലിഗ കിരീട പോരാട്ടത്തിൽ പിറകോട്ട് പോകാൻ ഒരുക്കമല്ല എന്ന് പറഞ്ഞ് റയൽ മാഡ്രിഡ്. ഇന്ന് ലീഗിൽ സെൽറ്റ വിഗോയെയും വീഴ്ത്താൻ റയൽ മാഡ്രിഡിനായി. ബെൻസീമയുടെ ഇരട്ട ഗോളുകളാണ് റയലിനെ ഇന്നും വിജയത്തിലേക്ക് നയിച്ചത്. എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം

ഇന്ന് പതിവിനു വിപരീതമായി തുടക്കത്തിൽ തന്നെ താളം കണ്ടെത്താൻ റയലിനായി. 20ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ. ക്രൂസിന്റെ പാസ് സ്വീകരിച്ച് ഒരു വലം കാലൻ ഷോട്ടിലൂടെ ആയിരിന്നു ബെൻസീമയുടെ ഫിനിഷ്. 30ആം മിനുട്ടിൽ വീണ്ടും വല കുലുക്കാൻ ബെൻസീമക്കായി‌. തുടർച്ചയായ ആറാം മത്സരത്തിലാണ് ബെൻസീമ ഗോൾ നേടുന്നത്. ഈ സീസൺ ലാലിഗയിൽ ഇതുവരെ 17 ഗോളുകൾ ബെൻസീമ നേടിയിട്ടുണ്ട്. 40ആം മിനുട്ടിൽ സാന്റിയാഗോ മിനയുടെ ഗോൾ സെൽറ്റ വീഗോയ്ക്ക് പ്രതീക്ഷ നൽകി എങ്കിലും അവർക്ക് അതിനു ശേഷം ഗോൾ നേടാനായില്ല.

മത്സരത്തിന്റെ അവസാന നിമിഷം അസൻസിയോ റയലിന്റെ മൂന്നാം ഗോളും നേടി. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 60 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോ 63 പോയിന്റിൽ നിൽക്കുകയാണ്‌. റയൽ രണ്ടാമതാണ്. മൂന്നാമതുള്ള ബാഴ്സലോണക്ക് 59 പോയിന്റും ഉണ്ട്. അത്ലറ്റിക്കോയും ബാഴ്സയും ഒരു മത്സരം കുറവാണ് കളിച്ചത്.