വസീം വീണ്ടും, ഓസ്ട്രേലിയയ്ക്കെതിരെ 11 റണ്‍സ് ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍

- Advertisement -

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 147/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് 136/8 എന്ന സ്കോറിലേക്ക് മാത്രമേ ചേസ് ചെയ്ത് എത്തുവാനായുള്ളു. 4 ഓവറില്‍ 8 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ഇമാദ് വസീം ആണ് കളിയിലെ താരം.

ഓസ്ട്രേലിയയ്ക്കായി ഗ്ലെന്‍ മാക്സ്വെല്‍ 37 പന്തില്‍ 52 റണ്‍സുമായി പൊരുതിയെങ്കിലും ടോപ് ഓര്‍ഡറില്‍ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി. നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 17 പന്തില്‍ 27 റണ്‍സ് നേടി പുറത്തായപ്പോള്‍ മിച്ചല്‍ മാര്‍ഷ് 21 റണ്‍സ് നേടി. അനായാസ ലക്ഷ്യം കളഞ്ഞ് കുളിച്ചതിനു ബാറ്റ്സ്മാന്മാരെ മാത്രമേ ഓസ്ട്രേലിയയ്ക്ക് പഴി ചാരാനാകുള്ളു. പാക്കിസ്ഥാനു വേണ്ടി ഷദബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയെങ്കിലും ഇമാദ് വസീമിന്റെ സ്പെല്ലാണ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനു വേണ്ടി ബാബര്‍ അസം(45), മുഹമ്മദ് ഹഫീസ്(40) എന്നിവരാണ് തിളങ്ങിയത്. എന്നാലും ഇന്നിംഗ്സിനു വേണ്ടത്ര വേഗത നല്‍കുവാന്‍ പാക് ബാറ്റ്സ്മാന്മാര്‍ക്കായിരുന്നില്ല. 10 പന്തില്‍ നിന്ന് പുറത്താകാതെ 17 റണ്‍സ് നേടി ഫഹീം അഷ്റഫിന്റെ ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 147 റണ്‍സിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയയ്ക്കായി നഥാന്‍ കോള്‍ട്ടര്‍-നൈല്‍ 3 വിക്കറ്റും ബില്ലി സ്റ്റാന്‍ലേക്ക് രണ്ട് വിക്കറ്റും നേടി.

Advertisement