ജേസണ്‍ ഹോള്‍ഡറുടെ മിന്നും പ്രകടനം, 166 റണ്‍സ് ജയം നേടി വിന്‍ഡീസ്

- Advertisement -

ആതിഥേയര്‍ക്ക് മുന്നില്‍ രണ്ടാം ടെസ്റ്റും അടിയറവു പറഞ്ഞ് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സില്‍ തങ്ങളുടെ ബൗളര്‍മാരുടെ മികച്ച പ്രകടനത്തില്‍ വിന്‍ഡീസിനെ 129 റണ്‍സിനു ബംഗ്ലാദേശ് ഓള്‍ഔട്ട് ആക്കിയെങ്കിലും ജേസണ്‍ ഹോള്‍ഡറുടെ 6 വിക്കറ്റ് പ്രകടനത്തില്‍ ടീം തകര്‍ന്നടിയുകയായിരുന്നു. വിജയത്തിനായി 335 റണ്‍സ് നേടേണ്ടിയിരുന്ന ബംഗ്ലാദേശിനു 168 റണ്‍സ് മാത്രമേ നേടാനായുള്ളു. 166 റണ്‍സിന്റെ വിജയമാണ് വിന്‍ഡീസ് നേടിയത്. ഇതോടെ 2-0 എന്ന നിലയില്‍ പരമ്പര വിന്‍ഡീസ് സ്വന്തമാക്കി.

19/1 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിനു കാര്യമായി ഒന്നും തന്നെ രണ്ടാം ഇന്നിംഗ്സില്‍ ചെയ്യാനായില്ല. 45 ഓവറില്‍ 129 റണ്‍സിനു ഓള്‍ഔട്ട് ആവുമ്പോള്‍ റോഷ്ടണ്‍ ചേസ് ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. 32 റണ്‍സാണ് ചേസ് നേടിയത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ 6 വിക്കറ്റും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

ആദ്യ ഇന്നിംഗ്സിന്റെ ബലത്തില്‍ വിന്‍ഡീസ് ലീഡ് 300 കടന്നതിനാല്‍ ബംഗ്ലാദേശിനു ലക്ഷ്യം ചേസ് ചെയ്യുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഉറപ്പായിരുന്നുവെങ്കിലും രണ്ടാം ഇന്നിംഗ്സിലും ടീമില്‍ നിന്ന് നിരാശാജനകമായ പ്രകടനമാണ് വന്നത്. 54 റണ്‍സുമായി ഷാകിബ് അല്‍ ഹസന്‍ പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങള്‍ക്ക് അധികം പിന്തുണ നല്‍കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി.

ലിറ്റണ്‍ ദാസ്(33), മുഷ്ഫികുര്‍ റഹിം(31) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. 42 ഓവര്‍ മാത്രമാണ് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് പിടിച്ചുനിന്നത. ബംഗ്ലാദേശ് നായകനെപ്പോലെ വിന്‍ഡീസ് നായകനും ആറ് വിക്കറ്റ് നേട്ടം ഇന്നിംഗ്സില്‍ സ്വന്തമാക്കി. റോഷ്ടണ്‍ ചേസ് രണ്ട് വിക്കറ്റുമായി ഹോള്‍ഡര്‍ക്ക് വേണ്ട പിന്തുണ നല്‍കി.

ജേസണ്‍ ഹോള്‍ഡര്‍ ആണ് കളിയിലെ താരവും പരമ്പരയിലെ താരവുമായി തിരഞ്ഞെടുക്കപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement