ഗുപ്ടിലിനു അഞ്ചാം ഏകദിനം നഷ്ടം, പരിശീലനത്തിനിടെ പരിക്ക്

പരിശിലീനത്തിനിടെ പരിക്കേറ്റ് ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടില്‍ ഇന്ത്യയ്ക്കെതിരെ അഞ്ചാം ഏകദിനത്തില്‍ കളിക്കില്ല. പരിശീലനത്തിനിടെ പുറത്തിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. ഇതോടെ നാളെ നടക്കാനിരിക്കുന്ന അഞ്ചാം മത്സരത്തില്‍ കോളിന്‍ മണ്‍റോയെ ടീമിലേക്ക് തിരികെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ക്വാഡില്‍ നേരത്തെ അംഗമായിരുന്ന മണ്‍റോയെ സൂപ്പര്‍ സ്മാഷ് മത്സരത്തിനു വേണ്ടി ന്യൂസിലാണ്ട് റിലീസ് ചെയ്യുകയായിരുന്നു.

പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗുപ്ടിലിന്റെ നഷ്ടം ന്യൂസിലാണ്ടിനെ അധികം ബാധിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 4 ഇന്നിംഗ്സുകളില്‍ നിന്ന് 47 റണ്‍സാണ് താരം നേടിയത്. പകരം എത്തുന്ന കോളിന്‍ മണ്‍റോയും അത്ര മികച്ച ഫോമിലല്ല എന്നതാണ് ന്യൂസിലാണ്ടിനു തിരിച്ചടിയാകുന്നത്. കഴിഞ് മത്സരത്തില്‍ ന്യൂസിലാണ്ട് ഹെന്‍റി നിക്കോളസിനെ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിച്ചിരുന്നു.