വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന ടീമിനെ ഒരു പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ച ആന്തണി ബ്രാംബിള്‍ അവസാന പന്തില്‍ സിക്സ് നേടിയാണ് അവിശ്വസനീയമായ വിജയം ടീമിനു നേടിക്കൊടുത്തത്.

ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ വിജയിച്ച് ഫൈനലില്‍ കടക്കുവാന്‍ ഒരവസരം കൂടി നൈറ്റ്സിനു ലഭിക്കും. ആദ്യം ബാറ്റ് ചെയ്ത വാന്‍കോവര്‍ ക്രിസ് ഗെയില്‍(50), ചാഡ്വിക് വാള്‍ട്ടണ്‍(54, 24 പന്തില്‍) എന്നിവരുടെ മികച്ച തുടക്കത്തിനു ശേഷം റാസി വാന്‍ ഡെര്‍ ഡൂസെന്‍(23), ബാബര്‍ ഹയാത്ത്(25), ആന്‍ഡ്രേ റസ്സല്‍(29) എന്നിവരുടെ നിര്‍ണ്ണായക സംഭാവനകളുടെ കൂടി ബലത്തോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ് നേടുകയായിരുന്നു. വിന്‍ഡീസ് നിരിയില്‍ ജെര്‍മിയ ലൂയിസ്, ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 66 പന്തില്‍ 10 സിക്സും 11 ബൗണ്ടറിയുമടക്കം നേടിയ 134 റണ്‍സാണ് വിന്‍ഡീസ് ടീമിന്റെ തുണയായി എത്തിയത്. 11/3 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനുമായി ചേര്‍ന്ന് 130 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് നേടിയത്. 28 പന്തില്‍ 44 റണ്‍സ് നേടിയ പൂരനെ നഷ്ടമായെങ്കിലും ആന്തണി ബ്രാംബിളില്‍ മികച്ചൊരു പങ്കാളിയെ റൂഥര്‍ഫോര്‍ഡിനു ലഭിച്ചു.

80 റണ്‍സാണ് അവസാന 35 പന്തില്‍ നിന്ന് കൂട്ടുകെട്ട് നേടിയത്. 11 പന്തില്‍ 23 റണ്‍സുമായി ആന്തണി അവസാന ഓവറില്‍ കളി മാറ്റി മറിച്ചുവെങ്കിലും കൂട്ടുകെട്ടില്‍ കൂടുതലും അപകടകാരിയായത് റൂഥര്‍ഫോര്‍ഡ് ആയിരുന്നു. ടിം സൗത്തി രണ്ടും, ആന്‍ഡ്രേ റസ്സല്‍, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നൈറ്റ്സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial