ഇന്ത്യയ്ക്ക് മയാംഗിനെ നഷ്ടം, അരങ്ങേറ്റത്തിന്റെ പരിഭ്രമമില്ലാതെ ശുഭ്മന്‍ ഗില്‍

ഓസ്ട്രേലിയയെ 195 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മെല്‍ബേണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയില്‍. മയാംഗ് അഗര്‍വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്ണൊന്നും പിറന്നിരുന്നില്ല. അതിന് ശേഷം അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ ഗില്ലും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 36 റണ്‍സ് നേടുകയായിരുന്നു.മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു നഷ്ടം.

ഗില്‍ 28 റണ്‍സും പുജാര 7 റണ്‍സും നേടിയാണ് ക്രീസിലുള്ളത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 159 റണ്‍സ് പിന്നിലായാണ് ഇന്ത്യ നിലകൊള്ളുന്നത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 195 റണ്‍സിന് പുറത്താക്കുകയായിരുന്നു. 48 റണ്‍സ് നേടിയ ലാബൂഷാനെ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാത്യൂ വെയിഡ്(30), ട്രാവിസ് ഹെഡ്(38) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ നാലും രവിചന്ദ്രന്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റ് ലഭിച്ചു.