ആശ്വാസമായി ഫിഞ്ചിന്റെ ശതകം, അടിച്ച് തകര്‍ത്ത് സ്റ്റോയിനിസ്

- Advertisement -

ആരോണ്‍ ഫിഞ്ചിന്റെ ശതകവും മിച്ചല്‍ മാര്‍ഷിന്റ അര്‍ദ്ധ ശതകവും ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഏറിയ പങ്കും ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയയ്ക്ക് 304 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസും ടിം പെയിനും തകര്‍ത്തടിച്ചപ്പോള്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് ഓസ്ട്രേലിയയെ നയിച്ചത്.

രണ്ടാം ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ(2) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് പിന്നീട് കൃത്യമായ ഇടവേളകളില്‍ സ്മിത്തിനെയും(23), ട്രാവിസ് ഹെഡിനെയും നഷ്ടമായി(5).

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ഫിഞ്ച്-മാര്‍ഷ് കൂട്ടുകെട്ടാണ് ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 118 റണ്‍സ് നേടിയ സഖ്യത്തെ വേര്‍പിരിച്ചത് മോയിന്‍ അലിയായിരുന്നു. ശതകം തികച്ച ഫിഞ്ച്(107) പുറത്തായി ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ച മിച്ചല്‍ മാര്‍ഷിനെ(50) ആദില്‍ റഷീദ് പുറത്താക്കി.

അവസാന ഓവറുകളില്‍ മാര്‍ക്കസ് സ്റ്റോയിനിസ്, ടിം പെയിന്‍ എന്നിവരാണ് ടീമിന്റെ സ്കോര്‍ 250 കടക്കുവാന്‍ സഹായിച്ചത്. 205/5 എന്ന നിലയില്‍ നിന്ന് മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഓസ്ട്രേേലിയയെ മികച്ച സ്കോറിലേക്ക് കൊണ്ടെത്തിച്ചത്. 40 പന്തുകളില്‍ നിന്ന്  60 റണ്‍സ് നേടിയ സ്റ്റോയിനിസിനു കൂട്ടായി ടിം പെയിനും 27 റണ്‍സുമായി കൂട്ടുനിന്നു.

ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ആദില്‍ റഷീദ് രണ്ടും മാര്‍ക്ക് വുഡ്, ക്രിസ് വോക്സ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement