ഇംഗ്ലണ്ടിന് രണ്ടാം ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി ഇംഗ്ലണ്ട്. 147 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ദാവിദ് മലന്‍ ആണ് അര്‍ദ്ധ ശതകവുമായി മികച്ച പ്രകടനം പുറത്തെടുത്തത്. കൃത്യമായി വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായെങ്കിലും മലനോടൊപ്പം ചേര്‍ന്ന ഓയിന്‍ മോര്‍ഗന്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ടീമിനെ വിജയത്തിന് അടുത്ത് വരെ എത്തിയ്ക്കുകയായിരുന്നു.

51 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും നേടിയത്. അവസാന ഓവറില്‍ ലക്ഷ്യത്തിന് 3 റണ്‍സ് അകലെ സാം കറന്റെ വിക്കറ്റ് കൂടി ഇംഗ്ലണ്ടിന് നഷ്ടമായെങ്കിലും ജയം ഒരു പന്ത് അവശേഷിക്കെ ടീം നേടി. 3 പന്തില്‍ 6 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദനാണ് വിജയ റണ്‍സ് ബൗണ്ടറി നേടി സ്വന്തമാക്കിയത്. വിജയ സമയത്ത് ഓയിന്‍ മോര്‍ഗന്‍ പുറത്താകാതെ 26 റണ്‍സ് നേടി ക്രീസിലുണ്ടായിരുന്നു.

ജേസണ്‍ റോയ്(14), ജോസ് ബട്ലര്‍(22), ബെന്‍ സ്റ്റോക്സ്(16) എന്നിവരും ഇംഗ്ലണ്ടിനായി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രൈസ് ഷംസി മൂന്നും ലുംഗിസാനി ഗിഡി രണ്ടും വിക്കറ്റ് നേടി. വിജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പര സ്വന്തമാക്കി.