ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് മാത്യൂ പാര്‍ക്കിന്‍സണ്‍, ഇംഗ്ലണ്ടിന് 76 റണ്‍സ് വിജയം

- Advertisement -

242 എന്ന വലിയ ടി20 ലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാണ്ടിന് നാണക്കേടുണ്ടാക്കുന്ന തോല്‍വി സമ്മാനിച്ച് ഇംഗ്ലണ്ട്. ഇന്ന് നടന്ന നാലാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ട് 165 റണ്‍സിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കി 76 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. മാത്യൂ പാര്‍ക്കിന്‍സണ്‍ നാല് വിക്കറ്റ് വീഴ്ത്തിയാണ് ന്യൂസിലാണ്ടിന് കനത്ത പ്രഹരം നല്‍കിയത്. 16.5 ഓവറിലാണ് ആതിഥേയര്‍ ഓള്‍ഔട്ട് ആയത്. നേപ്പിയറില്‍ നടന്ന മത്സരത്തില്‍ 15 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ടിം സൗത്തിയാണ് ന്യൂസിലാണ്ട് നിരയിലെ ടോപ് സ്കോറര്‍.

കോളിന്‍ മണ്‍റോ 30 റണ്‍സും മാര്‍ട്ടിന്‍ ഗപ്ടില്‍ 27 റണ്‍സും നേടി ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം ന്യൂസിലാണ്ടിന് നല്‍കിയെങ്കിലും അധികം വൈകാതെ ന്യൂസിലാണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു. 4.3 ഓവറില്‍ 54 റണ്‍സ് നേടിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മടങ്ങിയതിന് ശേഷം തുടര്‍ച്ചയായി ന്യൂസിലാണ്ടിന് വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

ക്രിസ് ജോര്‍ദ്ദന് രണ്ട് വിക്കറ്റ് ലഭിച്ചു. അതേ സമയം ജയത്തോടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-2 എന്ന നിലയില്‍ ന്യൂസിലാണ്ടിനൊപ്പം എത്തുകയും ചെയ്തു.

Advertisement