ഫോക്സ് കളിയിലെ താരം, ഇംഗ്ലണ്ടിനു 211 റണ്‍സിന്റെ വിജയം

ഗോള്‍ ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരെ 211 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. ലക്ഷ്യമായ 462 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്ക 250 റണ്‍സിനു നാലാം ദിവസം തന്നെ ഓള്‍ഔട്ട് ആവുകയായിരുന്നു. മോയിന്‍ അലിയുടെ നാല് വിക്കറ്റിനൊപ്പം മൂന്ന് വിക്കറ്റുമായി ജാക്ക് ലീഷ് കൂടി ചേര്‍ന്നതോടെ ശ്രീലങ്കയുടെ പതനം പൂര്‍ണ്ണമായി.

ആഞ്ചലോ മാത്യൂസ് രണ്ടാം ഇന്നിംഗ്സിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ കുശല്‍ മെന്‍ഡിസ് ആണ് ടീമിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 53 റണ്‍സാണ് ആഞ്ചലോ മാത്യൂസ് നേടിയത്. കുശല്‍ മെന്‍ഡിസ് 45 റണ്‍സും നേടി. കൗശല്‍ സില്‍വ, ദില്‍രുവന്‍ പെരേര എന്നിവര്‍ 30 റണ്‍സ് വീതം നേടി.

അരങ്ങേറ്റത്തില്‍ ശതകം നേടി ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സിനെ പിടിച്ചുനിര്‍ത്തിയ ബെന്‍ ഫോക്സ് ആണ് കളിയിലെ താരം.

സ്കോര്‍
ഇംഗ്ലണ്ട്: 342, 322/6 decl
ശ്രീലങ്ക: 203, 250-all out