ഇംഗ്ലണ്ട് – ഇന്ത്യ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബിസിസിഐ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഒരു ഡേ നൈറ്റ് ടെസ്റ്റുള്‍പ്പെടെ നാല് ടെസ്റ്റുകളും അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് അരങ്ങേറുക. ചെന്നൈയില്‍ ആദ്യ രണ്ട് ടെസ്റ്റുകളിലും പിന്നീട് അഹമ്മദാബാദില്‍ അടുത്ത രണ്ട് ടെസ്റ്റുകളും നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് നടക്കുക. ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന മൊട്ടേരയില്‍ ആണ് ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുക. ഫെബ്രുവരി 24ന് നടക്കുന്ന മൂന്നാം ടെസ്റ്റിലാവും പിങ്ക് ബോളില്‍ മത്സരം നടക്കുക.

അഹമ്മദാബാില്‍ തന്നെയാണ് അഞ്ച് ടി20 മത്സരങ്ങളും നടക്കുക. അതിന് ശേഷം പൂനെയില്‍ ഏകദിന മത്സരങ്ങള്‍ നടക്കും. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പരമ്പര മൂന്ന് വേദികളില്‍ മാത്രമായി ചുരുക്കിയതെന്നും ബിസിസിഐ അറിയിച്ചു.

നേരത്തെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം സജ്ജം എന്ന് ജയ് ഷാ ട്വീറ്റ് ചെയ്തിരുന്നു. സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലെ പുതിയ ഇന്‍ഡോര്‍ അക്കാഡമിയുടെ ഉദ്ഘാടനത്തിന് ശേഷം തന്റെ ട്വിറ്ററിലൂടെയാണ് ജയ് ഷാ ഈ വിവരം പുറത്ത് വിട്ടത്.

മാര്‍ച്ച് 2020ല്‍ ദക്ഷഇണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര കോവിഡ് കാരണം പാതി വഴിയില്‍ ഉപേക്ഷിച്ച ശേഷം ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്റൊന്നും നടന്നിട്ടില്ല. അതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഐപിഎല്‍ വരെ മാറ്റിയിരുന്നു.