ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്‍കി വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്

- Advertisement -

ഇംഗ്ലണ്ടിലേക്കുള്ള വെസ്റ്റ് ഇന്‍ഡീസിന്റെ ജൂലൈയിലെ പര്യടനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ടെലികോണ്‍ഫറന്‍സില്‍ ആണ് തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

ഇംഗ്ലണ്ട് ബോര്‍ഡുമായുള്ള ചര്‍ച്ചകളില്‍ മത്സരാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുന്നതായുള്ള ബോധ്യം വന്നതോടെയാണ് വിന്‍ഡീസ് ബോര്‍ഡിന്റെ ഈ നീക്കം. പര്യടനത്തില്‍ താരങ്ങള്‍ ബയോ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളും ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.

എല്ലാ മത്സരങ്ങളും അടച്ചിട്ട് സ്റ്റേഡിയത്തിലാവും നടക്കുകയെന്നും ഇനി വേണ്ടത് യാത്ര സൗകര്യങ്ങള്‍ക്കായി കരീബിയന്‍ സര്‍ക്കാരുകളുടെ അനുമതി തേടുകയെന്നതാണെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങള്‍ നടന്നാല്‍ ജൂണ്‍ 9ന് ഇംഗ്ലണ്ടില്‍ വിന്‍ഡീസ് ടീം എത്തി ജൂലൈയില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനവും തയ്യാറെടുപ്പുകളും ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisement