കോളിന്‍ മണ്‍റോയ്ക്കും ഡാരെന്‍ ബ്രാവോയ്ക്കും അര്‍ദ്ധ ശതകം, ട്രിന്‍ബാഗോയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ച് പൊള്ളാര്‍ഡ് – ബ്രാവോ കൂട്ടുകെട്ട്

Sports Correspondent

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത 185 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കോളിന്‍ മണ്‍റോയുടെയും ഡാരെന്‍ ബ്രാവോയുടെയും അര്‍ദ്ധ ശതകത്തിനൊപ്പം നാലാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയ 98 റണ്‍സ് എന്നിവയാണ് ട്രിന്‍ബാഗോയ്ക്ക് കരുത്താര്‍ന്ന സ്കോര്‍ നല്‍കിയത്.

ഇന്ന് ടോസ് നേടിയ ബാര്‍ബഡോസ് എതിരാളികളെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ലെന്‍ഡല്‍ സിമ്മണ്‍സിനെ(21) ആദ്യ അഞ്ചോവറിനുള്ളില്‍ നഷ്ടമായപ്പോള്‍ ടീമിന്റെ സ്കോര്‍ ബോര്‍ഡില്‍ വെറും 22 റണ്‍സായിരുന്നുവുണ്ടായിരുന്നത്. പതിവിന് വിപരീതമായി അടിച്ച് തകര്‍ക്കുവാന്‍ സുനില്‍ നരൈന്‍ പാട് പെട്ടപ്പോള്‍ ആക്രമണം അഴിച്ച് വിട്ടത് കോളിന്‍ മണ്‍റോ ആയിരുന്നു.

സുനില്‍ നരൈന്‍(8) പുറത്താകുമ്പോള്‍ 9.3 ഓവറില്‍ 63 റണ്‍സാണ് ട്രിന്‍ബാഗോ നേടിയത്. ബഹുഭൂരിഭാഗം സ്കോറിംഗും നടത്തിയത് കോളിന്‍ മണ്‍റോ ആയിരുന്നു. തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ ട്രിന്‍ബാഗോയ്ക്ക് കോളിന്‍ മണ്‍റോയെ നഷ്ടമായി. 30 പന്തില്‍ നിന്നാണ് മണ്‍റോയുടെ അര്‍ദ്ധ ശതകം.

പിന്നീട് ഡാരെന്‍ ബ്രാവോയും ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് ട്രിന്‍ബാഗോ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. 98 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 42 പന്തില്‍ നിന്ന് നേടിയത്. 36 പന്തില്‍ നിന്ന് ഡാരെന്‍ ബ്രാവോ 54 റണ്‍സ് നേടിയപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു കൂടുതല്‍ അപകടകാരി. 17 പന്തില്‍ നിന്നാണ് കീറണ്‍ പൊള്ളാര്‍ഡ് തന്റെ 41 റണ്‍സ് നേടിയത്.

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ട്രിന്‍ബാഗോ ഇന്ന് നേടിയ 185 റണ്‍സ്. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ ഈ നേട്ടം. ബാര്‍ബഡോസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, റെയ്മണ്‍ റീഫര്‍ എന്നിവരാണ് ഓരോ വിക്കറ്റ് നേടിയത്.

ആദ്യത്തെ 16 ഓവറില്‍ 116/3 എന്ന നിലയിലായിരുന്ന ടീം പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സാണ് അവസാന നാലോവറില്‍ നേടിയത്.