പാട്രിയറ്റ്സിനെ വീഴ്ത്തി റോസ്ടണ്‍ സ്കോട്ട് കുജ്ജെലൈനും, പാഴായി പോയത് രാംദിന്റെ ഒറ്റയാള്‍ പോരാട്ടം

- Advertisement -

173 റണ്‍സെന്ന ശ്രമകരമായ ദൗത്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിന് വീണ്ടും പരാജയം. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ജയമില്ലാത്ത ടീമെന്ന ചീത്ത് പേരുമായാണ് ടീം ഇന്ന് തോറ്റു മടങ്ങുന്നത്. കൂറ്റന്‍ ലക്ഷ്യത്തിനിറങ്ങിയ ടീമിന് ക്രിസ് ലിന്നും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും മൂന്നാം ഓവറിന്റെ അവസാന പന്തില്‍ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് നല്‍കി ലിന്‍ 14 റണ്‍സ് നേടി മടങ്ങിയ ശേഷം പാട്രിയറ്റ്സ് കഷ്ടപ്പെടുകയായിരുന്നു.

29 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ അടക്കം മൂന്ന് വിക്കറ്റ് റോസ്ടണ്‍ ചേസ് നേടിയതോടെ കാര്യങ്ങള്‍ പാട്രിയറ്റ്സിന് കൂടുതല്‍ പ്രയാസകരമായി. പിന്നീട് ദിനേശ് രാംദിന്‍ ഒരു വശത്ത് പൊരുതി നോക്കിയെങ്കിലും ജയം പാട്രിയറ്റ്സിന് അപ്രാപ്യമായിക്കൊണ്ടിരിക്കുകയായിരുന്നു. റോസ്ടണ്‍ ചേസ് തന്റെ നാലോവറില്‍ വെറും 12 റണ്‍സ് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്.

അധികം വൈകാതെ രാംദിനെയും കീറണ്‍ പവലിനെയും സൊഹൈല്‍ തന്‍വീറിനെയും സ്കോട്ട് കുജ്ജെലൈനും പുറത്താക്കിയതോടെ മത്സരത്തിലെ പാട്രിയറ്റ്സിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.

അവസാന ഓവറില്‍ ലക്ഷ്യം 28 റണ്‍സെന്നിരിക്കെ ഷെല്‍ഡണ്‍ കോട്രെല്‍ ചില കൂറ്റനടികള്‍ക്ക് ശ്രമിച്ചുവെങ്കിലും മത്സരത്തില്‍ സൂക്ക്സ് 10 റണ്‍സ് വിജയം നേടി. 11 പന്തില്‍ നിന്ന് 26 റണ്‍സാണ് കോട്രെല്‍ നേടിയത്. 20 ഓവറില്‍ 162/8 എന്ന നിലയിലാണ് പാട്രിയറ്റ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചത്.

സ്കോട്ട് കുജ്ജെലൈന്‍ നാലും റോസ്ടണ്‍ ചേസ് മൂന്നും വിക്കറ്റ് നേടിയാണ് സൂക്ക്സിന്റെ വിജയ ശില്പികളായത്.

Advertisement