CPL

ബൗളര്‍മാര്‍ പിടമുറുക്കിയ മത്സരത്തില്‍ 14 റണ്‍സ് വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്, അതിജീവിച്ചത് ആന്‍ഡ്രേ റസ്സലിന്റെ ഇന്നിംഗ്സിനെ

Sports Correspondent

നേടിയത് വെറും 118 റണ്‍സാണെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് എതിരാളികളെ പിടിച്ച് കെട്ടിയപ്പോള്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലത്തെ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെയാണ് ആമസോണ്‍ വാരിയേഴ്സ് വരിഞ്ഞുകെട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗയാന 19.1 ഓവറില്‍ 118 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ബ്രണ്ടന്‍ കിംഗ്(29), ചന്ദ്രപോള്‍ ഹേംരാജ്(21), റോസ് ടെയിലര്‍(21) എന്നിവര്‍ ഒഴികെ ആരും തന്നെ സ്കോര്‍ കണ്ടെത്തുവാന്‍ വിഷമിക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ 14 റണ്‍സ് നേടി നവീന്‍-ഉള്‍-ഹക്ക് നിര്‍ണ്ണായക സംഭാവന നല്‍കി. ജമൈക്കയ്ക്ക് വേണ്ടി മുജീബ് ടോപ് ഓര്‍ഡറിനെയും കാര്‍ലോസ് ബ്രാത്‍വൈറ്റ് മധ്യനിരയെയും എറിഞ്ഞിടുകയായിരുന്നു. ഇരുവരും മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെ 2 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ജമൈക്കയ്ക്ക് തുടക്കം തന്നെ പാളുകയായിരുന്നു രണ്ട് ഓപ്പണര്‍മാരെയും പൂജ്യത്തിന് നഷ്ടമായ ടീം 4/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. റോവ്മന്‍ പവലും(23) ആസിഫ്(14) അലിയും ചെറുത്ത് നില്പിന് ശ്രമിച്ചുവെങ്കിലും ഇന്നിംഗ്സിന് ആവശ്യമായ വേഗത നല്‍കുവാന്‍ അവര്‍ക്കായില്ല.

13ാം ഓവറില്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ് പുറത്തായി റസ്സല്‍ ക്രീസിലെത്തുമ്പോള്‍ 49/5 എന്ന നിലയിലായിരുന്നു ജമൈക്ക. അവിടെ നിന്ന് അവസാന രണ്ടോവറില്‍ 32 റണ്‍സെന്ന നിലയിലേക്ക് മത്സരത്തെ എത്തിക്കുവാന്‍ റസ്സലിന് സാധിച്ചുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ താരത്തിനായില്ല.

അവസാന ഓവറില്‍ ജയിക്കുവാന്‍ 22 റണ്‍സായിരുന്നു വേണ്ടിയിരുന്നതെങ്കിലും കീമോ പോള്‍ എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ മാത്രമാണ് റസ്സലിന് സിക്സ് നേടാനായത്. 37 പന്തില്‍ നിന്ന് 5 സിക്സുകളുടെയും 4 ഫോറുകളുടെയും സഹായത്തോടെ റസ്സല്‍ തന്റെ 52 റണ്‍സ് ഈ അവസാന ബോള്‍ സിക്സറിലൂടെ നേടിയെങ്കിലും തല്ലാവാസിന് 20 ഓവറില്‍ 104/7 എന്ന സ്കോര്‍ നേടാനെ ആയുള്ളു.