കരീബിയന്‍ പ്രീമിയര്‍ ലീഗ്, സെമി ലൈനപ്പ് ആയി

ടൂര്‍ണ്ണമെന്റ് ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുവാന്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സെമി ലൈനപ്പ് തയ്യാറായി. ബാര്‍ബഡോസ് ട്രിഡന്റ്സും സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും പുറത്തായപ്പോള്‍ ഇനിയുള്ള അവശേഷിക്കുന്ന മത്സരങ്ങളുടെ ഫലം പോയിന്റ് പട്ടികയെ ബാധിക്കുവാന്‍ പോകുന്നില്ല എന്നതിനാല്‍ തന്നെ സെമി ലൈനപ്പ് നേരത്തെ തന്നെ നിശ്ചയിക്കപ്പെടുകയായിരുന്നു.

ആദ്യ സെമിയില്‍ സെപ്റ്റബര്‍ എട്ടിന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും ജമൈക്ക തല്ലാവാസും എറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ഗയാന ആമസോണ്‍ വാരിയേഴ്സും സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റുമുട്ടും. സെപ്റ്റംബര്‍ പത്തിനാണ് ഫൈനല്‍ നടക്കുക.

പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ട്രിന്‍ബാഗോ 18 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്. പത്ത് മത്സരങ്ങളില്‍ നിന്ന് ഗയാന ആമസോണ്‍ വാരിയേഴ്സിന് 12 പോയിന്റും 9 മത്സരങ്ങളില്‍ നിന്ന സെയിന്റ് ലൂസിയ സൂക്ക്സിന് 10 പോയിന്റുമാണുള്ളത്.

സൂക്ക്സിന്റെ അടുത്ത മത്സരം ട്രിന്‍ബാഗോയുമാണ്. അതില്‍ വിജയം കൊയ്യാനായാല്‍ 12 പോയിന്റ് നേടാനാവുമെങ്കിലും ഗയാനയെ റണ്‍റേറ്റില്‍ മറികടക്കുക ഏറെക്കുറെ പ്രയാസകരമായ കാര്യമാണ്. ജമൈക്ക തല്ലാവാസിന് 9 മത്സരത്തില്‍ നിന്ന് 7 പോയിന്റാണുള്ളത്. അവശേഷിക്കുന്നത് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സുമായുള്ള മത്സരം.