ക്രെയിഗ് മക്മില്ലന് പകരം ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു

തന്റെ പിതാവിന്റെ മരണം കാരണം ബംഗ്ലാദേശിന്റെ ശ്രീലങ്ക പര്യടനത്തില്‍ നിന്ന് ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയ ക്രെയിഗ് മക്മില്ലന്‍ പിന്മാറിയിരുന്നു. കൊറോണ കാരണം നീല്‍ മക്കിന്‍സി പിന്മാറിയ സാഹചര്യത്തിലാണ് ക്രെയിഗ് മക്മില്ലനെ ബോര്‍ഡ് നിയമിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒഴിവ് വന്നയിടത്തിലേക്ക് ബംഗ്ലാദേശ് ഇംഗ്ലണ്ടിന്റെ ജോണ്‍ ലൂയിസിനെ പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

ജോണ്‍ ലൂയിസ് ഉടന്‍ ധാക്കയില്‍ അഭിമുഖത്തിനായി എത്തുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ജോണ്‍ ലൂയിസ് ഈ ഓഫറിനോട് താല്പര്യം കാണിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ജോണിനോട് സംസാരിക്കുമ്പോള്‍ തന്നെ വേറെ ചില ആളുകളും ബോര്‍ഡിന്റെ പരിഗണനയിലുണ്ടെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞത്.

ഡര്‍ഹം കൗണ്ടിയുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ജോണ്‍ ലൂയിസ് ശ്രീലങ്കയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.