Cricket

ബാറ്റ്സ്മാന്മാര്‍ കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണം – ഷാക്കിബ് അൽ ഹസന്‍

വിദേശ പിച്ചുകളിൽ ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ ടെക്നിക്കൽ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ബംഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ പിടിച്ച് നിൽക്കുവാനാകില്ല എന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസന്‍. ആദ്യ ഇന്നിംഗ്സിൽ 103 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 245 റൺസിനും ഓള്‍ഔട്ട് ആയ ബംഗ്ലാദേശിനെതിരെ നാലാം ദിവസം തന്നെ വിജയം നേടുവാന്‍ വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ ഷാക്കിബും നൂറുള്‍ ഹസനും ചേര്‍ന്ന് നേടിയ 123 റൺസാണ് ബംഗ്ലാദേശിന് 84 റൺസ് ലീഡ് നേടിക്കൊടുത്തത്. അതില്ലായിരുന്നുവെങ്കിൽ ഇതിലും ദയനീയമാകുമായിരുന്നു ബംഗ്ലാദേശിന്റെ അവസ്ഥ.

ഇതിലും ഭേദപ്പെട്ട ക്രിക്കറ്റ് കളിക്കുവാന്‍ ബംഗ്ലാദേശിനാകുമെന്നും ടെക്നിക്കൽ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകേണ്ട കാര്യമുണ്ടെന്നും ബാറ്റ്സ്മാന്മാര്‍ ക്രീസിൽ സമയം ചെലവഴിച്ച് റൺസ് കണ്ടെത്തുവാന്‍ ശ്രമിക്കണമെന്നും ഷാക്കിബ് സൂചിപ്പിച്ചു.