ശ്രീലങ്കയ്ക്ക് മികച്ച മറുപടിയുമായി ബംഗ്ലാദേശ്, തമീമിന് സെഞ്ച്വറി

ചട്ടോഗ്രാം ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് കരുതുറ്റ നിലയിൽ. ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ടീം 318/3 എന്ന നിലയിലാണ്. തമീം ഇക്ബാല്‍ നേടിയ ശതകത്തിനൊപ്പം മഹമ്മുദുള്‍ ഹസന്‍ ജോയ്, മുഷ്ഫിക്കുര്‍ റഹിം, ലിറ്റൺ ദാസ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

തമീം 133 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ മഹമ്മുദുള്‍ ഹസന്‍ ജോയ് 58 റൺസ് നേടിയാണ് പുറത്തായത്. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മോമിനുള്‍ ഹക്ക് എന്നിവരുടെ വിക്കറ്റും ടീമിന് നഷ്ടമായി.

53 റൺസുമായി മുഷ്ഫിക്കുര്‍ റഹിമും 54 റൺസ് നേടി ലിറ്റൺ ദാസും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇരുവരും 98 റൺസാണ് കൂട്ടിചേര്‍ത്തിട്ടുള്ളത്. ശ്രീലങ്കയ്ക്കായി കസുന്‍ രജിത 2 വിക്കറ്റ് നേടി.

ശ്രീലങ്കയുടെ സ്കോര്‍ മറികടക്കുവാന്‍ ബംഗ്ലാദേശ് ഇനിയും 79 റൺസ് മാത്രം നേടിയാൽ മതി.