പാക്കിസ്ഥാനില്‍ ടി20 പരമ്പര കളിക്കുവാന്‍ ബംഗ്ലാദേശ് തയ്യാര്‍

ബംഗ്ലാദേശ് ടീം പാക്കിസ്ഥാനില്‍ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര കളിക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. ഇത് ടീമംഗങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും അവിടുത്തെ സ്ഥിതി ഗതികള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്നും ബംഗ്ലാദേശ് ചീഫ് വെളിപ്പെടുത്തി.

നേരത്തെ നിഷ്പക്ഷ വേദിയില്‍ ടെസ്റ്റ് പരമ്പര കളിക്കാമെന്ന ബംഗ്ലാദേശിന്റെ നിര്‍ദ്ദേശത്തെ പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി തള്ളിക്കളഞ്ഞിരുന്നു. പാക്കിസ്ഥാന്‍ കോച്ച് മിസ്ബ ഉള്‍ ഹക്കും ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശ് ടീമിലെ വിദേശ കോച്ചുമാരാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് എതിരെന്നാണ് അറിയുന്നത്. അവരെ സമ്മതിപ്പിച്ചാല്‍ തന്നെ അത് ഒരു വേദിയില്‍ തന്നെ എല്ലാ ടി20 മത്സരങ്ങളും നടത്തിയാല്‍ മാത്രമേ സാധ്യമാകുയുള്ളുവെന്നുമാണ് അറിയുന്നത്.