26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ ഖുല്‍നയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 188 റണ്‍സ് മാത്രമേ നേടാനായുള്ളു. മുഷ്ഫിക്കുര്‍ റഹിം, യസീര്‍ അലി എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ദസുന്‍ ഷനക(42*), മുഹമ്മദ് ഷെഹ്സാദ്(33) എന്നിവരും വൈക്കിംഗ്സിനു വേണ്ടി തിളങ്ങി.

മുഷ്ഫിക്കുര്‍ 52 റണ്‍സും യസീര്‍ അലി 54 റണ്‍സും നേടിയപ്പോള്‍ 17 പന്തില്‍ നിന്ന് 4 സിക്സ് അടക്കം 42 റണ്‍സ് നേടിയ ഷനകയുടെ പ്രകടനമാണ് വൈക്കിംഗ്സിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഖുലന്‍നയ്ക്കായി ഡേവിഡ് വീസെ 2 വിക്കറ്റ് നേടി.

മഹമ്മദുള്ള 26 പന്തില്‍ നിന്ന് 50 റണ്‍സും ഡേവിഡ് വീസെ 20 പന്തില്‍ നിന്ന് 40 റണ്‍സും നേടിയെങ്കിലും ലക്ഷ്യത്തിനു 26 റണ്‍സ് അകലെ വരെ എത്തുവാനെ ഖുല്‍ന ടൈറ്റന്‍സിനു സാധിച്ചുള്ളു. ബ്രണ്ടന്‍ ടെയിലര്‍ 28 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിനു തിരിച്ചടിയായത്. അബു ജയേദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഖാലിദ് അഹമ്മദ്, കാമറൂണ്‍ ഡെല്‍പോര്‍ട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.