അടിച്ച് തകര്‍ത്ത് സബ്ബിര്‍ റഹ്മാന്‍, എന്നിട്ടും സിക്സേര്‍സില്‍ നിന്ന് വിജയം തട്ടിയെടുത്ത് രംഗ്പൂര്‍ റൈഡേഴ്സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സബ്ബിര്‍ റഹ്മാന്റെയും നിക്കോളസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ 194/4 എന്ന കൂറ്റന്‍ സ്കോര്‍ നേടിയ സില്‍ഹെറ്റ് സിക്സേര്‍സിനെ വീഴ്ത്തി രംഗ്പൂര്‍ റൈഡേഴ്സ്. 3 പന്ത് ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി റിലീ റൂസോവ്, അലക്സ് ഹെയില്‍സ്, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് തിളങ്ങിയത്. രണ്ടോവറില്‍ ജയിക്കുവാന്‍ 24 റണ്‍സ് എന്ന നിലയില്‍ മഷ്റഫെ മൊര്‍തസയും ഫര്‍ഹദ് റീസയും ചേര്‍ന്ന് 19ാം ഓവറില്‍ നിന്ന് നേടിയ 19 റണ്‍സാണ് സിക്സേര്‍സില്‍ നിന്ന് മത്സരം തട്ടിയെടുത്തത്.

51 പന്തില്‍ നിന്ന് 85 റണ‍്സ് നേടിയ സബ്ബിര്‍ റഹ്മാനും 27 പന്തില്‍ 47 റണ്‍സ് നേടി പുറത്താകാതെ നിന്ന നിക്കോളസ് പൂരനുമാണ് സിക്സേര്‍സിനു വേണ്ടി സിക്സടികളുമായി ക്രീസില്‍ തിളങ്ങിയത്. സബ്ബിര്‍ ആറും പൂരന്‍ മൂന്ന് സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി മഷ്റഫെ മൊര്‍തസ 2 വിക്കറ്റ് നേടി.

ക്രിസ് ഗെയിലിനെ രണ്ടാം പന്തില്‍ നഷ്ടമായെങ്കിലും 35 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയ റിലീ റൂസോവിനൊപ്പം അലക്സ് ഹെയില്‍സ്(33), എബി ഡി വില്ലിയേഴ്സ്(34) എന്നിവരും 6 പന്തില്‍ നിന്ന് പുറത്താകാതെ 18 റണ്‍സ് നേടി ഫര്‍ഹദ് റീസയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ടാസ്കിന്‍ അഹമ്മദ് നാല് വിക്കറ്റുകള്‍ നേടിയെങ്കിലും രംഗ്പൂര്‍ റൈഡേഴ്സിന്റെ വിജയം തടയാന്‍ ആവുന്നതായിരുന്നില്ല പ്രകടനം.