ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു.

57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ടും 24 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ റഹിമുമാണ് ചിറ്റഗോംഗിനായി തിളങ്ങിയത്. ധാക്കയ്ക്കായി ആന്‍ഡ്രേ റസ്സല്‍ മൂന്നും സുനില്‍ നരൈന്‍ രണ്ടും വിക്കറ്റ് നേടി.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(53), നൂരുള്‍ ഇസ്ലാം(33) എന്നിവര്‍ക്കൊപ്പം ആന്‍ഡ്ര റസ്സലും 39 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ധാക്കയ്ക്കായില്ല. വിക്കറ്റുകള്‍ യഥാസമയം വീഴ്ത്തി ചിറ്റഗോംഗ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിജയികള്‍ക്കായി അബു ജയേദ് മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റ് നേടി.