ന്യൂബോള്‍ ഗുണം ചെയ്തു, ഓസ്ട്രേലിയയുടെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ, അര്‍ദ്ധ ശതകവുമായി ട്രാവിസ് ഹെഡ് പൊരുതുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആദ്യ രണ്ട് സെഷനുകളെ അപേക്ഷിച്ച് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനവുമായി ഓസ്ട്രേലിയ. ഏഴാം വിക്കറ്റില്‍ ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും നേടിയ 50 റണ്‍സിന്റെ ആനുകൂല്യത്തില്‍ ഇന്ത്യയുടെ സ്കോറിനു 59 റണ്‍സ് അകലെ വരെ എത്തുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ദിവസത്തിന്റെ അവസാനത്തോടെ ന്യൂബോള്‍ എടുത്ത ഇന്ത്യ പാറ്റ് കമ്മിന്‍സിന്റെ(10) പ്രതിരോധം തകര്‍ക്കുകയായിരുന്നു.  രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 191/7 എന്ന നിലയിലാണ്. 61 റണ്‍സുമായി ട്രാവിസ് ഹെഡും 8 റണ്‍സ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

117/4 എന്ന നിലയില്‍ നിന്ന് ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് മൂന്ന് റണ്‍സ് കൂടി നേടുന്നതിനിടയില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെ(34) ആദ്യം നഷ്ടമായി. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. അഞ്ചാം വിക്കറ്റില്‍ ഹാന്‍ഡ്സ്കോമ്പ്-ഹെഡ് കൂട്ടുകെട്ട് 33 റണ്‍സ് ആണ് നേടിയത്.

ടിം പെയിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയുടെ ആറാം വിക്കറ്റ് വീഴ്ത്തുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 127 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കുമെന്ന് കരുതിയ നിമിഷങ്ങളില്‍ നിന്ന് ട്രാവിസ് ഹെഡും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചുവെങ്കിലും ന്യൂബോളിന്റെ സഹായത്തോടെ ജസ്പ്രീത് ബുംറ കമ്മിന്‍സിനെ പുറത്താക്കി തന്റെ രണ്ടാം വിക്കറ്റ് നേടി.

ഇന്ത്യയ്ക്കായി അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.