അടിച്ച് തകര്‍ത്ത് മുഹമ്മദ് ഷെഹ്സാദ്, ഒപ്പം കൂടി മുഹമ്മദ് നബി, മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍

ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. മുഹമ്മദ് ഷെഹ്സാദിന്റെ ശതകത്തിന്റെയും മുഹമ്മദ് നബിയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് നേടുകയായിരുന്നു. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവ് പുലര്‍ത്താനാകാതെ പോയത് അഫ്ഗാനിസ്ഥാന്‍ സ്കോറിംഗിനു തിരിച്ചടിയായി.

116 പന്തില്‍ 11 ബൗണ്ടറിയും 7 സിക്സും സഹിതമാണ് മുഹമ്മദ് ഷെഹ്സാദ് തന്റെ 124 റണ്‍സ് നേടിയത്. ഷെഹ്സാദ് പുറത്തായ ശേഷം മുഹമ്മദ് നബിയുടെ ഇന്നിംഗ്സാണ് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ 250 റണ്‍സിനടുത്തെത്തിച്ചത്. 47.3 ഓവറില്‍ പുറത്താകുമ്പോള്‍ നബി 56 പന്തില്‍ നിന്ന് 64 റണ്‍സ് നേടി. 4 ബൗണ്ടറിയും 3 സിക്സുമാണ് താരം നേടിയത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ കേധാര്‍ ജാഥവ്, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ദീപക് ചഹാറിനു മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു ഇന്നത്തേത്. ആദ്യ രണ്ടോവറില്‍ നിന്ന് 24 റണ്‍സ് വഴങ്ങിയ ചഹാര്‍ തന്റെ നാലോവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.