കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ, സെമി ഫൈനൽ നാളെ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളിന്റെ സെമി ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന അവസാന രണ്ട് ക്വാർട്ടറുകളിൽ ക്രൈസ്റ്റ് കോളേജും എൻ എസ് എസ് മഞ്ചേരിയും ജയിച്ചതോടെയാണ് സെമി ഫൈനൽ തീരുമാനമായത്‌. വൈകിട്ട് നടന്ന ക്വാർട്ടറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് എസ് എസ് അരീക്കോടിനെ ക്രൈസ്റ്റ് കോളേജ് പരാജയപ്പെടുത്തിയത്. ക്രൈസ്റ്റിനായി ആന്റണിയും അഭിഷേകും ആണ് ഗോളുകൾ നേടിയത്. ജംഷീദ് ആണ് അരീക്കോടിന്റെ ഗോൾ നേടിയത്.

കേരളവർമ്മ കോളേജിനെ തോൽപ്പിച്ചാണ് എൻ എസ് എസ് മഞ്ചേരി സെമിയിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. അഫ്ബാറാണ് വിജയഗോൾ നേടിയത്. ഇന്ന് രാവിലെ നടന്ന ആദ്യ രണ്ടു ക്വാർട്ടർ ഫൈനലുകളിൽ എം ഇ എസ് മമ്പാടും ഫറൂഖ് കോളേജും വിജയിച്ചിരുന്നു.

നാളെ നടക്കുന്ന സെമിയിൽ ഫറൂഖ് കോളേജ് ക്രൈസ്റ്റ് കോളേജിനെയും, എൻ എസ് എസ് മഞ്ചേരി എം ഇ എസ് മമ്പാടിനെയുൻ നേരിടും.