ഇന്ത്യ ആരംഭിക്കുന്നു ഏഷ്യ കപ്പ് പടയോട്ടം, ഖലീല്‍ അഹമ്മദിനു അരങ്ങേറ്റം

ഏഷ്യ കപ്പില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. യോഗ്യത റൗണ്ടില്‍ നിന്ന് വിജയിച്ച കയറി വന്ന ഹോങ്കോംഗാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തിരഞ്ഞെടുത്തതോടെയാണ് ഇത്. തങ്ങളുടെ ശക്തി ബൗളിംഗ് ആയതിനാലാണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചതെന്ന് ഹോങ്കോംഗ് നായകന്‍ അന്ഷുമന്‍ രഥ് പറഞ്ഞു. പാക്കിസ്ഥാനോട് ആദ്യ മത്സരം പരാജയപ്പെട്ട ഹോങ്കോംഗിനു ഏറെ നിര്‍ണ്ണായകമാണ് ഈ മത്സരം. വിരാട് കോഹ്‍ലിയുടെ അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മയാണ് നയിക്കുന്നത്. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് ഏകദിന അരങ്ങേറ്റം നടത്തുന്നു.

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, ശര്‍ദ്ധുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, യൂസുവേന്ദ്ര ചഹാല്‍

ഹോങ്കോംഗ്: നിസാകത്ത് ഖാന്‍, അന്ഷുമന്‍ രഥ്, ബാബര്‍ ഹയത്, ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍, കിഞ്ചിറ്റ് ഷാ, എഹ്സാന്‍ ഖാന്‍, ഐസാസ് ഖാന്‍, സ്കോട്ട് മക്കെനി, തന്‍വീര്‍ അഫ്സല്‍, എഹ്സാന്‍ നവാസ്, നദീം അഹമ്മദ്

ലങ്കയ്ക്ക് മടക്കടിക്കറ്റ് നല്‍കി അഫ്ഗാനിസ്ഥാന്‍

ഏഷ്യ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട് ശ്രീലങ്ക പുറത്ത്. ഏഷ്യ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്ക രണ്ടാം മത്സരത്തിലും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 249 റണ്‍സില്‍ പിടിച്ചുകെട്ടുവാന്‍ ശ്രീലങ്കയ്ക്കായെങ്കിലും 250 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ലങ്ക 158 റണ്‍സിനു 41.2 ഓവറിനുള്ളില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

36 റണ്‍സ് നേടിയ ഉപുല്‍ തരംഗയാണ് ടീമിന്റെ ടോപ് സ്കോറര്‍. തിസാര പെരേര(28), ധനന്‍ജയ ഡിസില്‍വ(23), ആഞ്ചലോ മാത്യൂസ്(22) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാകാതെ പോയപ്പോള്‍ ശ്രീലങ്കന്‍ ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍, ഗല്‍ബാദിന്‍ നൈബ്, റഷീദ് ഖാന്‍ എന്നിവര്‍ രണ്ടും  മുഹമ്മദ് നബി ഒരു വിക്കറ്റുമായി ഏഷ്യയിലെ പുതു ശക്തികളെ 91 റണ്‍സ് വിജയത്തിലേക്ക് നയിച്ചു.

ഏഷ്യ കപ്പില്‍ തുടരാന്‍ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്

കപ്പില്‍ നിന്ന് പുറത്താകാതിരിക്കുവാന്‍ അഫ്ഗാനിസ്ഥാനെതിരെ വിജയം അനിവാര്യമായ ശ്രീലങ്ക നേടേണ്ടത് 250 റണ്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും കൃത്യതയോടെ എറിഞ്ഞ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 50 ഓവറില്‍ 249 റണ്‍സിനു ഓള്‍ഔട്ട് ആക്കി. റഹ്മത് ഷാ(72), ഇഹ്സാനുള്ള ജനത്(45), മുഹമ്മദ് ഷെഹ്സാദ്(34), ഹസ്മത്തുള്ള ഷഹീദി(37) എന്നിവരുടെ പ്രകടനമാണ് ടീമിനെ 249 റണ്‍സിലേക്ക് നയിച്ചത്.

എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ടത്ര വേഗതയില്‍ സ്കോറിംഗ് സാധ്യമല്ലാതെ പോയത് അഫ്ഗാനിസ്ഥാനു തിരിച്ചടിയായി. ഒരു ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 107/1 എന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് റണ്‍ സ്കോറിംഗിനെ ബാധിച്ചു. തിസാര പെരേര 5 വിക്കറ്റ് നേടി ശ്രീലങ്ക ബൗളര്‍മാരില്‍ തിളങ്ങിയപ്പോള്‍ അകില ധനന്‍ജയ രണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ, ഷെഹാന്‍ ജയസൂര്യ, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ശ്രീലങ്കയ്ക്ക് നിര്‍ണ്ണായകം, ടോസ് നേടി അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

നിര്‍ണ്ണായകമായ വിജയം തേടി അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക തങ്ങളുടെ ഏഷ്യ കപ്പ് രണ്ടാം മത്സരത്തിനിറങ്ങുന്നു. മത്സരത്തിലെ ടോസ് നേടി അഫ്ഗാന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ലസിത് മലിംഗയുടെ ബൗളിംഗില്‍ ആധിപത്യം ആദ്യം നേടിയെങ്കിലും മുഷ്ഫിക്കുര്‍ റഹിമിന്റെ ബാറ്റിംഗ് മികവില്‍ പതറിപ്പോയ ശ്രീലങ്ക ബംഗ്ലാദേശിനോട് കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ശ്രീലങ്കന്‍ നിരയില്‍ കഴി‍ഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റമാണള്ളത്. സുരംഗ ലക്മലിനും അപോന്‍സോയ്ക്കും ദില്‍രുവന്‍ പെരേരയ്ക്കും പകരം ഷെഹ്സാന്‍ ജയസൂര്യ, ദുഷ്മന്ത ചമീര, അകില ധനന്‍ജയ എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍

ശ്രീലങ്ക: ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, കുശല്‍ പെരേര, ധനന്‍ജയ ഡിസില്‍വ, ആഞ്ചലോ മാത്യൂസ്, ദസുന്‍ ശനക, തിസാര പെരേര, ഷെഹാന്‍ ജയസൂര്യ, അകില ധനന്‍ജയ, ലസിത് മലിംഗ്, ദുഷ്മന്ത ചമീര

23.4 ഓവറില്‍ വിജയം നേടി പാക്കിസ്ഥാന്‍, ഇമാം ഉള്‍ ഹക്കിനു അര്‍ദ്ധ ശതകം

ഹോങ്കോംഗിനെതിരെ ഗ്രൂപ്പ് എ മത്സരത്തില്‍ 8 വിക്കറ്റ് യം നേടി പാക്കിസ്ഥാന്‍. 116 റണ്‍സിനു ക്രിക്കറ്റിലെ കുഞ്ഞന്മാരെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 23.4 ഓവറില്‍ വിജയം നേടിയത്. 24 റണ്‍സ് നേടി ഫകര്‍ സമനെയാണ് പാക്കിസ്ഥാനു നഷ്ടമായത്. ഇമാം-ഉള്‍ ഹക്ക് 50 റണ്‍സും ബാബര്‍ അസം 33 റണ്‍സും നേടി. വിജയത്തിനു 24 റണ്‍സ് അകലെ ബാബര്‍ അസമിനെ നഷ്ടമായെങ്കിലും പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് ജയം ഉറപ്പിക്കുകയായിരുന്നു. വിജയ സമയത്ത് ഇമാമിനൊപ്പം 9 റണ്‍സുമായി ഷൊയ്ബ് മാലിക്കായിരുന്നു ക്രീസില്‍.

ഹോങ്കോംഗിനു വേണ്ടി എഹ്സാന്‍ ഖാന്‍ ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും നേടി.

116 റണ്‍സിനു ഹോങ്കോംഗിനെ എറിഞ്ഞ് വീഴ്ത്തി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന് 3 വിക്കറ്റ്

ഹോങ്കോംഗിനെതിരെ പാക്കിസ്ഥാനു മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 116 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഉസ്മാന്‍ ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ഹസന്‍ അലിയും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഹോങ്കോംഗിന്റെ ഇന്നിംഗ്സ് 37.1 ഓവറില്‍ അവസാനിക്കുകയായിരുന്നു. ഫഹീം അഷ്റഫിനു ഒരു വിക്കറ്റ് ലഭിച്ചു.

27 റണ്‍സ് നേടിയ ഐസാസ് ഖാന്‍ ആണ് ഹോങ്കോംഗിന്റെ ടോപ് സ്കോറര്‍. കിഞ്ചിത്ത് ഷാ 26 റണ്‍സും നേടി.

ടോസ് ഹോങ്കോംഗിനു, പാക്കിസ്ഥാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഹോങ്കോംഗ്. ദുബായിയിലെ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ഹോങ്കോംഗ് നായകന്‍ അന്ഷുമാന്‍ രഥ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാനും ടോസ് ലഭിച്ചിരുന്നുവെങ്കില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. ഹോങ്കോംഗിനു ഏഷഅയ കപ്പിലേക്ക് യോഗ്യത നേടിയതിനു എല്ലാവിധ അനുമോദനങ്ങളും നല്‍കുന്നുവെന്നും സര്‍ഫ്രാസ് ടോസ് സമയത്ത് പറഞ്ഞു.

ഹോങ്കോംഗ്: നിസാകത് ഖാന്‍, അന്‍ഷുമാന്‍ രഥ്, ബാബര്‍ ഹയത്, കിഞ്ചിത് ഷാ, ക്രിസ്റ്റോഫര്‍ കാര്‍ട്ടര്‍, എഹ്സാന്‍ ഖാന്‍, ഐസാസ് ഖാന്‍‍, സ്കോട്ട് മക്കെന്നി, തന്‍വീര്‍ അഫ്സല്‍, എഹ്സാന്‍ നവാസ്, നദീം അഹമ്മദ്

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍

അഫ്ഗാനിസ്ഥാന്‍ ടീമില്‍ നിറയെ തെരുവു മാന്ത്രികന്മാര്‍ – മഹേല ജയവര്‍ദ്ധേന

ഏഷ്യ കപ്പില്‍ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും ഒപ്പം ഗ്രൂപ്പ് ബിയിലെ മൂന്നാമത്തെ ടീമായ അഫ്ഗാനിസ്ഥാനെ പുകഴ്ത്തി മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേന. തങ്ങളുടെ ആദ്യ മത്സരത്തില്‍ സെപ്റ്റംബര്‍ 17നു ശ്രീലങ്കയെ നേരിടുന്ന അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം സെപ്റ്റംബര്‍ 20നു ബംഗ്ലാദേശ് ആണ് എതിരാളികള്‍.

വൈവിധ്യമാര്‍ന്ന താരങ്ങളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞ അഫ്ഗാനിസ്ഥാന്‍ ടീമിനെക്കുറിച്ച് മഹേല ജയവര്‍ദ്ധേന പറഞ്ഞത് തെരുവു മാന്ത്രികന്മാരുടെ സാന്നിധ്യമുള്ള ടീമെന്നാണ്. അടുത്തിടെ മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാന്‍ ഏകദിനങ്ങളിലും ടി20കളിലും തങ്ങളുടെ മികവ് കാഴ്ചവെച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റില്‍ നിഗൂഢത നിറഞ്ഞ ടീമാണ് അഫ്ഗാനിസ്ഥാനെന്നും മുന്‍ ശ്രീലങ്കന്‍ താരം അഭിപ്രായപ്പെട്ടു.

ഈ ടൂര്‍ണ്ണമെന്റിലൂടെ ഇനിയും പുതിയ കണ്ടെത്തലുകള്‍ അഫ്ഗാനിസ്ഥാന്‍ നടത്തുമെന്നും ജയവര്‍ദ്ധേന പറഞ്ഞു. ഏഷ്യയില്‍ നിന്നുള്ള അഞ്ചാം ശക്തിയായി അഫ്ഗാനിസ്ഥാന്‍ ലോക ക്രിക്കറ്റില്‍ തങ്ങളുടെ സാന്നിധ്യം ഉടനുറപ്പിക്കുമെന്നും മഹേല അഭിപ്രായപ്പെട്ടു.

തമീം ഇക്ബാല്‍ ഏഷ്യ കപ്പില്‍ നിന്ന് പുറത്ത്

സുരംഗ ലക്മലിന്റെ ഓവറില്‍ കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇക്ബാലിനു ഏഷ്യ കപ്പ് നഷ്ടമാകും. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് സംഭവം. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ തുടക്കത്തില്‍ പരിക്കേറ്റ തമീം ഉടന്‍ തന്നെ ആശുപസ്ത്രിയില്‍ പോയി എക്സ്റേ എടുത്ത് മടങ്ങിയെത്തിയ തമീം ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റ് വീണപ്പോള്‍ മുഷ്ഫിക്കുര്‍ റഹീമിനു കൂട്ടായി ക്രീസില്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ താരത്തിനു ഇനി തുടര്‍ന്ന് ടൂര്‍ണ്ണമെന്റില്‍ കളിക്കാനാകില്ലെന്നാണ് അറിയുന്നത്.

ഒറ്റക്കൈയാല്‍ ബാറ്റ് ചെയ്ത തമീമിനെക്കുട്ടുനിര്‍ത്തി റഹിം ബംഗ്ലാദേശിന്റെ സ്കോര്‍ 261 റണ്‍സിലേക്ക് എത്തിച്ചിരുന്നു. തമീം ഇക്ബാല്‍ ഏഷ്യ കപ്പില്‍ തുടര്‍ന്ന് കളിക്കൂലെന്നാണ് പ്രാഥമിക വിവരമെങ്കിലും ബംഗ്ലാദേശ് മാനേജര്‍ ഖാലിദ് മഹമ്മുദ് പറയുന്നത് താരത്തിന്റെ അവസ്ഥയെക്കുറിച്ച് പിന്നീട് മാത്രമേ കൂടുതല്‍ വ്യക്തത വരികയുള്ളുവെന്നാണ്.

മലിംഗയുടെ വിക്കറ്റുകള്‍ക്ക് ശേഷം മുഷ്ഫിക്കുര്‍ റഹീമിലൂടെ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്

ലസിത് മലിംഗ തന്റെ അന്താരാഷ്ട്ര മടങ്ങിവരവ് ആഘോഷമാക്കിയ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് മുഷ്ഫിക്കുര്‍ റഹിമിന്റെ ശതകത്തിന്റെ ബലത്തില്‍ 261 റണ്‍സിലേക്ക് നീങ്ങി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ 200 കടക്കുമോയെന്ന് സംശയിച്ച ഇന്നിംഗ്സ് 261 റണ്‍സിലേക്ക് എത്തിച്ചതില്‍ മുഷ്ഫിക്കുറിന്റെ ശ്രദ്ധേയമായ പ്രകടനം മാത്രമാണ്. അവസാന വിക്കറ്റില്‍ പൊട്ടലേറ്റ കൈക്കുഴയുമായി ക്രീസിലേക്കെത്തിയ തമീമുമായി ചേര്‍ന്ന് മുഷ്ഫിക്കുര്‍ അവസാന വിക്കറ്റില്‍ 32 റണ്‍സ് കൂടി നേടിയ ശേഷം 144 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തമീം ഇക്ബാല്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ മലിംഗയുടെ രണ്ട് വിക്കറ്റ് നേട്ടത്തിനു ശേഷം ഏറെ വൈകാതെ ബംഗ്ലാദേശിനു തമീം ഇക്ബാലിനെ പരിക്കേറ്റ് നഷ്ടമായിരുന്നു. പിന്നീട് മുഷ്ഫിക്കുര്‍ റഹിമും മുഹമ്മദ് മിഥുനും ചേര്‍ന്ന് ടീമിനെ തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.

63 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെ വിക്കറ്റും ലസിത് മലിംഗ തന്നെയാണ് നേടിയത്. മിഥുന്‍ പുറത്താകുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 134 റണ്‍സായിരുന്നു. പിന്നീട് മറ്റു താരങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ റഹിമിനു ലഭിച്ചില്ലെങ്കിലും താരം തന്റെ ശതകം പൂര്‍ത്തിയാക്കി ബംഗ്ലാദേശിന്റെ സ്കോര്‍ 200 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഷ്ഫിക്കുര്‍ റഹിമിന്റെ ബലത്തില്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 261 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 150 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ വീരോചിതമായ ഇന്നിംഗ്സ്. ഒരു ഘട്ടത്തില്‍ 195/7 എന്ന നിലയിലേക്കായ ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കുവാന്‍ കഴിയാതെ പോയത് ശ്രീലങ്കന്‍ ബൗളിംഗിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടേണ്ടതാണ്.

അവസാന വിക്കറ്റില്‍ പരിക്കേറ്റ തമീം ഇക്ബാലിനെ ഒരുവശത്ത് നിര്‍ത്തി മുഷ്ഫിക്കുര്‍ ബംഗ്ലാദേശിന്റെ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ് 10 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടു നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ധനന്‍ജയ ഡി സില്‍വ രണ്ടും സുരംഗ ലക്മല്‍, അമില അപോന്‍സോ, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ശ്രീലങ്കന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി മലിംഗ, ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍

ഏകദിന ക്രിക്കറ്റിലേക്കും ശ്രീലങ്കന്‍ ടീമിലേക്കുമുള്ള തന്റെ മടങ്ങിവരവ് ഗംഭീരമാക്കി മലിംഗ. ഒരു വര്‍ഷത്തോളം ടീമിനു പുറത്തിരുന്ന താരത്തിനെ വീണ്ടും ശ്രീലങ്ക ഏഷ്യ കപ്പിനു പരിഗണിക്കുകയായിരുന്നു. തന്നില്‍ സെലക്ടര്‍മാരും ടീം മാനേജ്മെന്റും പ്രകടിപ്പിച്ച വിശ്വാസം ആദ്യ ഓവറില്‍ തന്നെ മലിംഗ് കാക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യം ഓവര്‍ എറിഞ്ഞ മലിംഗ് വെറും ഒരു റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് ബംഗ്ലാദേശ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഓവറിലെ അവസാന രണ്ട് പന്തുകളില്‍ ലിറ്റണ്‍ ദാസിനെയും ഷാക്കിബ് അല്‍ ഹസനെയും പൂജ്യത്തിനു പുറത്താക്കി മലിംഗ ഹാട്രിക്കിന്റെ വക്കിലെത്തുകയും ചെയ്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഹാട്രിക്ക് നേടാനായില്ലെങ്കിലും രണ്ടാം ഓവര്‍ മെയിഡനാക്കുവാന്‍ മലിംഗയ്ക്ക് സാധിച്ചു.

ഏഷ്യ കപ്പ് : ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പിന്റെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും. ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ് ക്യാപ്റ്റൻ മഷ്റഫെ മുസ്തഫ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ശ്രീലങ്ക നിരയിൽ ഫസ്റ്റ് ബൗളർ മലിംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Bangladesh: Tamim, Liton, Shakib, Mahmudullah, Mushfiqur, Mithun, Mosaddek, Mehidy, Rubel, Mustafizur

Sri Lanka: Tharanga, Dhananjaya, K Perera, K Mendis, Thisara, Shanaka, Malinga, Lakmal, Aponso, Dilruwan

Exit mobile version