രവീന്ദ്ര ജഡേജ ഏഷ്യ കപ്പ് സ്ക്വാഡിലേക്ക്, സിദ്ധാര്‍ത്ഥ് കൗളും യുഎഇയിലേക്ക്

പരിക്കേറ്റ അക്സര്‍ പട്ടേലിനു പകരം രവീന്ദ്ര ജഡേജയെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. അക്സര്‍ പട്ടേലിന്റെ തള്ള വിരലിനേറ്റ പരിക്കാണ് താരത്തിന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ ഇല്ലാതാക്കിയത്. പരിക്കേറ്റ ശര്‍ദ്ധുല്‍ താക്കൂറിനു പകരം സിദ്ധാര്‍ത്ഥ് കൗളിനെയും ഇന്ത്യ ഏഷ്യ കപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം നേരത്തെ തന്നെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ഇന്ത്യയ്ക്കായി ടൂര്‍ണ്ണമെന്റില്‍ കളിക്കില്ലെന്ന് അറിയിപ്പ് വന്നിരുന്നു. പകരം ദീപക് ചഹാര്‍ ടീമിലേക്ക് എത്തി.

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് വേദിയുടെ ആനുകൂല്യമുണ്ട്: സര്‍ഫ്രാസ് അഹമ്മദ്

ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറിലും വേദിയുടെ ആനുകൂല്യമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍. പാക്കിസ്ഥാന്‍ ടീം ദുബായിയിലും അബുദാബിയിലുമായി മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിയില്‍ തന്നെയാണെന്നുള്ളത് ടീമിനു ഇത് ഏറെ സഹായകരമാണെന്നും പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുകയുണ്ടായി.

ഈ കാലാവസ്ഥയില്‍ യാത്ര കഴിഞ്ഞ പിറ്റേ ദിവസം മത്സരത്തിനു കൂടി ഇറങ്ങേണ്ടിവരികയാണെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുകയേയുള്ളുവെന്നും സര്‍ഫ്രാസ് പറഞ്ഞു. തന്റെ അഭിപ്രായത്തില്‍ എല്ലാ ടീമുകള്‍ക്കും അത് ഇന്ത്യയായാലും പാക്കിസ്ഥാനായാലും ഈ വിഷയത്തില്‍ തുല്യ നീതി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു.

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ നിരാശ പ്രകടിപ്പിച്ച് ബംഗ്ലാദേശ് നായകന്‍

സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ ബംഗ്ലാദേശിനു തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ച് ടീം നായകന്‍ മഷ്റഫേ മൊര്‍തസ. നാളെ അഫ്ഗാനിസ്ഥാനെ നേരിടുന്ന ബംഗ്ലാദേശിനു സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ വെള്ളിയാഴ്ച നേരിടേണ്ടി വരുമെന്ന അവസ്ഥയാണിപ്പോളുള്ളത്.

എസിസി ഇന്നലെയാണ് സൂപ്പര്‍ ഫോര്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തിയത്. ഏറ്റുമുട്ടുന്നതിനു മുമ്പ് തന്നെ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും ഗ്രൂപ്പിലെ യഥാക്രം ഒന്നും രണ്ടും സ്ഥാനക്കാരാക്കി ടൂര്‍ണ്ണമെന്റ് കമ്മിറ്റി മത്സരങ്ങള്‍ പുനക്രമീകരിക്കുകയായിരുന്നു. ഈ തീരൂമാനമാണ് മൊര്‍തസയെ ചൊടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാലും തങ്ങള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ടീമെന്ന നിലയില്‍ എസിസി കാര്യങ്ങള്‍ തീരുമാനിച്ചതിലുള്ള അമര്‍ഷം മൊര്‍തസ മറച്ചുവെച്ചില്ല.

126, പന്തുകളുടെ എണ്ണത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയം

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയ ഇന്ത്യയുടെ ഈ വിജയം ഏകദിനത്തില്‍ ഇത്രയധികം പന്തുകള്‍ അവശേഷിക്കെ പാക്കിസ്ഥാനെതിരെയുള്ള ഏറ്റവും വലിയ വിജയമാണ്. 126 പന്തുകള്‍ അവശേഷിക്കെയാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ 162 റണ്‍സിനു പാക്കിസ്ഥാനെ എറിഞ്ഞിട്ട ശേഷം ഇന്ത്യ 29 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിജയം കുറിയ്ക്കുകയായിരുന്നു. 21 ഓവര്‍ ശേഷിക്കെയാണ് ഇന്ത്യയുടെ ഈ തകര്‍പ്പന്‍ ജയം.

നായകന്‍ രോഹിത് ശര്‍മ്മ 52 റണ്‍സ് നേടി പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ 46 റണ്‍സില്‍ പുറത്തായി. അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും 31 റണ്‍സ് വീതം നേടി മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.

8 വിക്കറ്റ് ജയവുമായി ഇന്ത്യ

ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെയും വീഴ്ത്തി ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത്. 43.1 ഓവറില്‍ പാക്കിസ്ഥാനെ 162 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 29 ഓവറുകളില്‍ നിന്നാണ് ഇന്ത്യ ഈ വിജയം നേടിയത്. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് തിളങ്ങിയത്.

അര്‍ദ്ധ ശതകം നേടിയ രോഹിത് ശര്‍മ്മ പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇന്ത്യ 86 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 3 സിക്സും സഹിതം 52 റണ്‍സാണ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയത്. ഷദബ് ഖാനാണ് വിക്കറ്റ്. 46 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് രണ്ടാമതായി പുറത്തായത്. ഫഹീം അഷ്റഫിനാണ് വിക്കറ്റ്.

തുടര്‍ന്ന് അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 60 റണ്‍സ് കൂട്ടുകെട്ട് നേടിയ താരങ്ങള്‍ ഇരുവരും 31 റണ്‍സുമായി പുറത്താകാതെ നിന്നു.

ജാഥവിനും ഭുവിയ്ക്കും മുന്നില്‍ വട്ടം കറങ്ങി പാക്കിസ്ഥാന്‍

ഹോങ്കോംഗിനെതിരെ പ്രതാപം നഷ്ടപ്പെട്ട ഇന്ത്യന്‍ ബൗളിംഗ് നിരയോട് മുട്ട് മടക്കി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര. കേധാര്‍ ജാഥവിനും ഭുവനേശ്വര്‍ കുമാറിനൊപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഒത്തുപിടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 162 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 43.1 ഓവറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്തു.

ഓപ്പണര്‍മാരായ ഇമാം-ഉള്‍-ഹക്കിനെയും ഫകര്‍ സമനെയും തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം ബാബര്‍ അസം-ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ട് പാക്കിസ്ഥാനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും 47 റണ്‍സ് നേടിയ ബാബര്‍ അസമിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് തിരികെ അയയ്ച്ചു. ഷൊയ്ബ് മാലിക്ക്(43) റണ്ണൗട്ടായി പുറത്തായതോടെ പാക്കിസ്ഥാനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. സര്‍ഫ്രാസ് അഹമ്മദിനെയും ആസിഫ് അലിയെയും കേധാര്‍ ജാഥവും പുറത്താക്കി.

എട്ടാം വിക്കറ്റില്‍ 37 റണ്‍സ് നേടിയ ഫഹീം അഷ്റഫ്-മുഹമ്മദ് അമീര്‍ കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 150 കടക്കുവാന്‍ സഹായിച്ചത്. 21 റണ്‍സ് നേടിയ ഫഹീം അഷ്റഫിനെ ധവാന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. ഓപ്പണര്‍മാരെ പുറത്താക്കിയ ഭുവി തിരികെയെത്തി വാലറ്റത്തില്‍ ഹസന്‍ അലിയെയും പുറത്താക്കി.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രണ്ടും കുല്‍ദീപ് ഒരു വിക്കറ്റും നേടി.

ഹാര്‍ദ്ദിക്കിന്റെ പരിക്ക് ഗുരുതരമോ? ആശങ്കയില്‍ ഇന്ത്യന്‍ ക്യാമ്പ്

പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ് ഹാര്‍ദ്ദിക് പാണ്ഡ്യ ഗ്രൗണ്ടിനു പുറത്തേക്ക്. താരത്തിന്റെ പരിക്ക് ഗുരുതരമാണോയെന്ന ആശങ്കയാണ് ഇന്ത്യന്‍ ആരാധകരിലും ക്യാമ്പിലും ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. താരത്തിനെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിനു പുറത്തേക്ക് കൊണ്ടു പോയത്. തന്റെ ഓവര്‍ എറിയുന്നതിനിടെ പുറം വേദന കാരണമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഗ്രൗണ്ടില്‍ വീണത്.

താരത്തിനെ പുറത്തേക്ക് കൊണ്ടുപോയതിനു ശേഷം പകരം മനീഷ് പാണ്ടേ ഫീല്‍ഡിംഗിനറങ്ങുകയായിരുന്നു. പരിക്ക് മൂലം താരത്തിനു ഇന്നത്തെ മത്സരത്തില്‍ തിരിച്ച് ബാറ്റിംഗിനിറങ്ങാനാകുമോയെന്നോ അതോ ഏഷ്യ കപ്പ് തന്നെ നഷ്ടമാകുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ഏതാനും മണിക്കൂറുകള്‍ക്കകം അറിയാമെന്നാണ് കരുതുന്നത്.

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

ഏഷ്യ കപ്പിലെ സൂപ്പര്‍ പോരില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഈ മത്സരത്തിനിറങ്ങുക. ഖലീല്‍ അഹമ്മദിനും ശര്‍ദ്ധുല്‍ താക്കൂറിനും പകരം ജസ്പ്രീത് ബുംറയും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നു. അതേ സമയം പാക്കിസ്ഥാന്‍ ടീം കഴിഞ്ഞ മത്സരത്തെ ടീമില്‍ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഖലീല്‍ അഹമ്മദിനെ പുറത്തിരുത്തിയ ഇന്ത്യന്‍ തീരുമാനം ആശ്ചര്യജനകമായിരുന്നു. ദിനേശ് കാര്‍ത്തിക്കിനു പകരം കെഎല്‍ രാഹുല്‍ ടീമിലെത്തുമെന്ന് കരുതിയെങ്കിലും ആ തീരുമാനവുമുണ്ടായില്ല

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, ഇമാം ഉള്‍ ഹക്ക്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍

ഇന്ത്യ: രോഹിത്ത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേധാര്‍ ജാഥവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസുവേന്ദ്ര ചഹാല്‍

വീണ്ടുമാ ദിനം, ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന പോരാട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്. ഓസ്ട്രേലിയ ഇംഗ്ലണ്ട് ആഷസ് റൈവൽറി പോലെയോ അതിനു മേലെയോ നിൽക്കുന്ന തരത്തിൽ ആകാംക്ഷ തരുന്നവ. രണ്ട് രാജ്യങ്ങൾ തമ്മിൽ രാഷ്ട്രീയ സമവായത്വം ഇല്ലാത്തത് നിമിത്തം മത്സരങ്ങളുടെ ആധിക്യം നന്നേ കുറഞ്ഞത്, ഇപ്പോൾ നടക്കുന്ന മത്സരങ്ങൾക്ക് കൂടുതൽ മാനം നൽകുന്നു. അങ്ങനെ ഒരു മത്സരത്തിലേക്കാണ് ഇന്ന് ക്രിക്കറ്റ് ലോകം കണ്ണ് നട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത് ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളുടെ ഭാഗമായിട്ടാണ്. ഒരുപക്ഷെ ഇതിനു പുറമെ രണ്ട് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ കൂടെ വരാനുള്ള സാധ്യത ഏഷ്യ കപ്പിന്റെ ഈ ഫോർമാറ്റ് മുന്നോട്ട് വെക്കുന്നു.

രണ്ട് രാജ്യക്കാരും തിങ്ങി വസിക്കുന്ന അറബ് എമിരേറ്റ്സിലെ ദുബായിയിൽ തീപ്പൊരി പാറുന്ന ഈ മത്സരം നടക്കുക ഇന്ന് 5 മണി മുതലാണ്. ഹോങ്കോങിനെതിരെ നേടിയ വൻ വിജയത്തിൻ്റെ ആത്മവിശ്വാസത്തിൽ പാകിസ്ഥാൻ വരുമ്പോൾ ഇന്ത്യൻ ടീമിന് കാര്യങ്ങൾ സുഗമമല്ല. വല്ല വിധേനെയും ഹോങ്കോങിനെതിരെ കടന്നുകൂടി എന്നേ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പറയാൻ കഴിയൂ. ഇന്ന് നടക്കുന്നത് പോലൊരു ഹൈ പ്രൊഫൈൽ മത്സരത്തിന് തൊട്ട് തലേ ദിവസം ദുബായ് ചൂടിൽ 100 ഓവറുകളും കളിക്കേണ്ട വന്നതിൻ്റെ ക്ഷീണം ഇന്ത്യയ്ക്ക് ഉണ്ടാവാം.

പാകിസ്ഥാൻ എപ്പോഴത്തെയും പോലെ തങ്ങളുടെ ബൗളിംഗ് മികവിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ ആകട്ടെ കോഹ്ലി ഇല്ലാത്തതിനാൽ ബാറ്റിങ്ങിൽ ഇത്തിരി ക്ഷീണത്തിലുമാണ്. ഇന്നലെ ഹോങ്കോങിനോട് കളിച്ച ടീമിലേക്ക് KL രാഹുലും ഹർദിക് പാണ്ഡ്യയും, ബുമ്രയും തിരിച്ചെത്തിയേക്കും. ഏകദിനത്തിൽ ഫോമില്ലാതെ വലയുന്ന ഭുവനേർശ്വറിന് പക്ഷെ ഇന്നും അവസരം ലഭിച്ചേക്കും. ഖലീൽ അഹമ്മദും സ്ഥാനം നിലനിർത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ശർദൂൽ താക്കൂർ, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ് എന്നിവരാകും പുറത്ത് പോവുക. കേദാർ ഇന്നലെ ബൗളിങ്ങിൽ ഉപകാരപ്പെട്ടത് നോക്കി നിലനിർത്തിയാൽ പകരം പുറത്ത് പോവുക ഖലീൽ ആവും. സ്റ്റാർക്കിൻ്റെ ബൗളിംഗ് ആക്ഷൻ ഓർമിപ്പിക്കുന്ന ഖലീൽ പക്ഷെ ബൗളിങ്ങിന് പുതുമ നൽകും എന്നതിനാൽ എന്താകും രോഹിത്തിൻ്റെ അന്തിമ തീരുമാനം എന്നത് ശ്രദ്ധേയമാണ്.

ഫാഖാർ സമാൻ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ നിന്ന് 3 ശതകങ്ങളും ഒരു അർധശതകവും നേടിയിട്ടുണ്ട്. ബാബർ അസം, ഷൊഹൈബ് മാലിക്, ഇമാം ഉൽ ഹഖ്, ആസിഫ് അലി, സർഫറാസ് അഹമ്മദ് എന്നിവരും ചേരുന്ന ബാറ്റിംഗ് യൂണിറ്റ് തരക്കേടില്ലാത്തതാണ്. പക്ഷെ ബൗളിംഗ് തന്നെയാണ് ഇപ്പോഴും അവരുടെ ശക്തി. മുഹമ്മദ് ആമിർ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല എങ്കിലും, പകരം വന്നേക്കാവുന്ന ജുനൈദ് ഖാനും ഒരിക്കലും മോശമാവില്ല. ഹസൻ അലി, ഫഹീം അഷ്‌റഫ്, ഉസ്മാൻ ഖാൻ, ശദാബ് ഖാൻ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ ഒരു ബൗളിംഗ് ലൈനപ്പ് ഏത് ടീമിനെയും വിറപ്പിക്കാൻ ഉതകുന്നതാണ്.

എന്തിലൊക്കെ ഏത് ടീം ശക്തി പുലർത്തുന്നു എന്ന് പറഞ്ഞാലും, ഇന്ത്യയോട്/പാകിസ്ഥാനോട് കളിക്കുമ്പോൾ ഉള്ള പിരിമുറുക്കം അതിജീവിക്കാൻ കഴിഞ്ഞാലേ ജയം നേടാൻ ആർക്കായാലും കഴിയൂ. ഏതാനും നിമിഷങ്ങൾ മാത്രമായി കാത്തിരിപ്പ് ചുരുങ്ങുമ്പോൾ മികച്ചൊരു മത്സരം കാണാം എന്ന് തന്നെയാണ് പ്രതീക്ഷ.

ഏഷ്യ കപ്പ് വിജയിക്കണമെങ്കില്‍ ഓരോ മത്സരവും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം പോലെ സമീപിക്കണം: സര്‍ഫ്രാസ്

ഏഷ്യ കപ്പില്‍ ഏറ്റവും അധികം ആളുകള്‍ വിജയം സ്വന്തമാക്കുമെന്ന് വിലയിരുത്തപ്പെട്ട ടീമാണ് പാക്കിസ്ഥാന്‍. യുഎഇയില്‍ കളിക്കുക എന്ന ഗുണത്തിനു പുറമേ അടുത്തിടെയുള്ള മികച്ച ഫോമും ഇന്ത്യയ്ക്ക് വിരാട് കോഹ്‍ലിയുടെ സേവനം ഇല്ലാത്തതും പാക്കിസ്ഥാനും നേരിയ മുന്‍തൂക്കം നല്‍കുന്നു. അതേ സമയം പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് പറയുന്നത് ഇന്ത്യ-പാക് പോര് പോലെ തന്നെ ടൂര്‍ണ്ണമെന്റിലെ എല്ലാ മത്സരങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാല്‍ മാത്രമേ പാക്കിസ്ഥാനു ജയിക്കാനാവുള്ളുവെന്നാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എന്നും സമ്മര്‍ദ്ദമുളവാക്കുന്നതാണ്. ഇത് വെറുമൊരു മത്സരമായി കാണുവാനല്ല ടൂര്‍ണ്ണമെന്റ് ജയിക്കണമെങ്കിലുള്ള ആദ്യ കാല്‍വെയ്പായി ഈ മത്സരത്തെ കാണണമെന്നാണ് അഭിപ്രായപ്പെട്ടത്. തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ട്, അത് തങ്ങളെ ബാധിക്കാതെ മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

പലപ്പോഴും പലരും പറയുന്നത് ഇത് പാക്കിസ്ഥാന്റെ ബൗളിംഗും ഇന്ത്യയുടെ ബാറ്റിംഗും തമ്മിലുള്ള പോരാട്ടമാണെന്നാണ്. എന്നാല്‍ തനിക്ക് ആ അഭിപ്രായമില്ലെന്ന് പറഞ്ഞ സര്‍ഫ്രാസ്, തന്റെ ടീമിന്റെ ബാറ്റിംഗ് അടുത്ത കാലത്ത് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ബൗളിംഗിനൊപ്പം ബാറ്റിംഗും മികച്ചതായതാണ് തന്റെ ടീമിന്റെ മികവിനു കാരണമെന്നും കൂട്ടിചേര്‍ത്തു.

തോല്‍വിയിലും തലയയുര്‍ത്തി ഹോങ്കോംഗ്, അരങ്ങേറ്റം ഗംഭീരമാക്കി ഖലീല്‍ അഹമ്മദ്

ഇന്ത്യയ്ക്കെതിരെ 26 റണ്‍സ് തോല്‍വി വഴങ്ങി ഏഷ്യ കപ്പില്‍ നിന്ന് പുറത്തായെങ്കിലും തലയയുര്‍ത്തിയാണ് ഏഷ്യയിലെ കുഞ്ഞന്മാരുടെ മടക്കം. പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിലും ഏറെ മികച്ച നിന്ന ശേഷമാണ് ഇന്ത്യയ്ക്കെതിരെ ഹോങ്കോംഗ് തോല്‍വിയേറ്റു വാങ്ങിയത്. മികച്ച തുടക്കം നേടിയ ശേഷം ഇന്ത്യയെ 285 റണ്‍സിലേക്ക് ഒതുക്കുകയും ആദ്യ വിക്കറ്റില്‍ 174 റണ്‍സ് നേടി ഇന്ത്യന്‍ ക്യാമ്പിലും ആരാധകരുടെ ഇടയിലും പരിഭ്രാന്തി പരത്തിയ ശേഷമാണ് സമ്മര്‍ദ്ദത്തിനു അടിപ്പെട്ട് ഹോങ്കോംഗ് കീഴടങ്ങിയത്. അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദിന്റെ പ്രകടനം ഇന്ത്യന്‍ നിരയിലെ ശ്രദ്ധേയമായ പ്രകടനമായി വിലയിരുത്താം.

അന്‍ഷുമന്‍ രഥ്-നിസാകത് ഖാന്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 34.1 ഓവറില്‍ നിന്ന് 174 റണ്‍സാണ് നേടിയത്. 35ാം ഓവറിന്റെ ആദ്യ പന്തില്‍ കുല്‍ദീപ് യാദവിനു വിക്കറ്റ് നല്‍കി അന്‍ഷുമന്‍ രഥ് പുറത്താകുമ്പോള്‍ ഹോങ്കോംഗ് നായകന്‍ 73 റണ്‍സാണ് 97 പന്തില്‍ നിന്ന് നേടിയത്. തൊട്ടടുത്ത ഓവറില്‍ 92 റണ്‍സ് നേടിയ നിസാകത് ഖാനെ പുറത്താക്കി ഖലീല്‍ അഹമ്മദ് തന്റെ ആദ്യ ഏകദിന വിക്കറ്റ് നേടി. വിക്കറ്റ് വീണ രണ്ട് ഓവറുകളും മെയിഡന്‍ ഓവറുകളായിരുന്നു എന്നത് ഹോങ്കോംഗിനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാക്കി.

തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് നേടിയപ്പോള്‍ ഹോങ്കോംഗിന്റെ ആവശ്യമായ റണ്‍റേറ്റ് ഏറെ ഉയര്‍ന്നു. ഒടുവില്‍ 50 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടീം 259 റണ്‍സാണ് 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. എഹ്സാന്‍ ഖാന്‍(22), ബാബര്‍ ഹയത്(18), കിഞ്ചിത്ത് ഷാ(17) എന്നിവര്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ സ്കോറിനു അടുത്തെത്തുവാന്‍ ഹോങ്കോംഗിനു സാധിച്ചില്ല. ഇന്ത്യയ്ക്കായി  അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദ്, ചഹാല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി.

ജയിക്കുവാനായെങ്കിലും നാളെത്തന്നെ രണ്ടാം മത്സരത്തില്‍ ശക്തരായ പാക്കിസ്ഥാനെ നേരിടുന്ന ഇന്ത്യയ്ക്ക് ഈ ജയം കാര്യങ്ങള്‍ അത്ര എളുപ്പമാക്കുന്നില്ല. ഇന്ത്യയെക്കൊണ്ട് 50 ഓവറുകളും എറിയിപ്പിച്ച ഹോങ്കോംഗ് ഏഷ്യയിലെ വമ്പന്മാരെ ക്ഷീണിതരാക്കിയാണ് അടുത്ത മത്സരത്തെ നേരിടുവാന്‍ വിടുന്നത്.

ധവാന്റെ ശതകത്തിനു ശേഷം ഹോങ്കോംഗിന്റെ തിരിച്ചുവരവ്

ഏഷ്യ കപ്പില്‍ കുഞ്ഞന്മാരായ ഹോങ്കംഗിനെതിരെ മികച്ച സ്കോര്‍ നേടി ഇന്ത്യ. ശിഖര്‍ ധവാന്റെ ശതകത്തിന്റെയും റായിഡു എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെയും ബലത്തില്‍ ആദ്യം ബാറ്റ് ചെയ്യാനയയ്ക്കപ്പെട്ട ഇന്ത്യ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 285 റണ്‍സ് നേടുകയായിരുന്നു. ധവാന്‍ പുറത്തായ ശേഷം  തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ ബാറ്റിംഗിനു കടിഞ്ഞാണിടുവാന്‍ ഹോങ്കോംഗ് ബൗളര്‍മാര്‍ക്ക് സാധിച്ചു.

23 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ഇന്ത്യയെ ധവാനും അമ്പാട്ടി റായിഡുവും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 45 റണ്‍സും രണ്ടാം വിക്കറ്റില്‍ 116 റണ്‍സും നേടിയ ഇന്ത്യയ്ക്ക് അമ്പാട്ടി റായിഡുവിനെ(60) രണ്ടാം വിക്കറ്റായി നഷ്ടമായി. അതിനു ശേഷം ധവാനോടൊപ്പം ദിനേശ് കാര്‍ത്തിക്കാണ് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. 120 പന്തില്‍ നിന്ന് 127 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 15 ബൗണ്ടറിയും 2 സിക്സും നേടി പുറത്താകുമ്പോള്‍ ദിനേശ് കാര്‍ത്തിക്കുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 79 റണ്‍സ് കൂടി നേടുകയായിരുന്നു.

ധവാന്‍ പുറത്തായ ശേഷം തുടരെ വിക്കറ്റുകളുമായി ഹോങ്കോംഗ് ഇന്ത്യയുടെ റണ്ണൊഴുക്കിനെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ധോണിയയും(0), ദിനേശ് കാര്‍ത്തിക്കിനെയും(33) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഹോങ്കോംഗ് മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. കേധാര്‍ ജാഥവ് 28 റണ്‍സുമായി പുറത്താകാതെ നിന്നുവെങ്കിലും ഇന്ത്യയ്ക്ക് അവസാന 10 ഓവറില്‍ നിന്ന് 48 റണ്‍സ് മാത്രമേ നേടാനായുള്ളു.

ഹോങ്കോംഗിനായി കിഞ്ചിത്ത് ഷാ മൂന്നും എഹ്സാന്‍ ഖാനും രണ്ട് വീതം വിക്കറ്റും എഹ്സാന്‍ നവാസും ഐസാസ് ഖാനും ഓരോ വിക്കറ്റും നേടി. വിക്കറ്റും നേടി.

Exit mobile version